കാഴ്ച ബംഗ്ലാവ് പോലെ എസ്.എൻ കോളേജിലെ സുവോളജി മ്യൂസിയം

Tuesday 04 April 2023 1:05 AM IST

 ഉദ്ഘാടനം ഇന്ന് വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും

കൊല്ലം: കാഴ്ച ബംഗ്ലാവുകളിലേത് പോലെ വിജ്ഞാനത്തിന്റെ വിസ്മയ കാഴ്ചകളൊരുക്കി പുതിയ ഭാവത്തിൽ കൊല്ലം എസ്.എൻ കോളേജിലെ സുവോളജി മ്യൂസിയം. കൂടുതൽ സൂക്ഷ്മമായി കാണാൻ കഴിയുന്ന തരത്തിൽ പ്രത്യേക പ്രകാശ സംവിധാനത്തോടെയാണ് ജീവികളുടെ അപൂർവങ്ങളായ അസ്ഥികൂടങ്ങളും വിവിധ ജീവികളെ ഫോർമാലിൻ ലായനിയിലും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

1953ൽ വിഴിഞ്ഞം കടൽത്തീരത്ത് ചത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്റെ ഭീമൻ അസ്ഥികൂടമാണ് മ്യൂസിയത്തിന്റെ ഒത്തനടുവിൽ നിന്ന് വിദ്യാർത്ഥികളെയും കാഴ്ചക്കാരെയും സ്വാഗതം ചെയ്യുന്നത്. തീരത്ത് മറവ് ചെയ്ത ഈ തിമിംഗലത്തിന്റെ അസ്ഥികൂടം ആർ. ശങ്കറിന്റെ ഇടപെടലിലാണ് മാസങ്ങൾക്ക് ശേഷം കോളജിന്റെ സുവോളജി ലാബിന് ലഭ്യമായത്. കോളേജ് ആരംഭിച്ചതിന് പിന്നാലെ സുവോളജി വിഭാഗത്തിന് കീഴിൽ തങ്കശേരിയിൽ കടൽ ജീവികളെ ശേഖരിക്കാൻ മറൈൻ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നു. അവിടെ മത്സ്യത്തൊഴിലാളികൾ എത്തിച്ച കടൽ ജീവികളുടെ വൻ ശേഖരം ഇപ്പോഴുമുണ്ട്.

കൊമാൻഡോർ ദ്വീപുകളുടെ തീരങ്ങളിൽ ഉണ്ടായിരുന്ന വംശനാശം സംഭവിച്ച ഹൈഡ്രോ ഡമാലിസ് ഗിഗാസ് എന്ന കടൽപശു, കൂറ്റൻ കടലാമ, നീലത്തിമിംഗലം, മലമ്പാമ്പ്, ഡോൾഫിൻ തുടങ്ങിയവയുടെ

അസ്ഥികൂടങ്ങൾ, സിംഹം, കുതിര, മാൻ തുടങ്ങിയവയുടെ തലയോട്ടികൾ എന്നിവയുമുണ്ട്. ഫോർമാലിൻ ലായനിയിൽ വിവിധതരം പാമ്പുകൾ, മറ്റ് ഉരഗങ്ങൾ, പ്രാണികൾ, മത്സ്യങ്ങൾ തുടങ്ങിയ നിരവധി ജീവികളെയും സൂക്ഷിച്ചിട്ടുണ്ട്. മറ്റ് കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികൾക്കും മ്യൂസിയം സന്ദർശിക്കാം. നേരത്തെ രണ്ട് മുറികളിലായിരുന്ന മ്യൂസിയത്തിൽ കൂടുതൽ ഇനങ്ങൾ കൂടി ഉൾപ്പെടുത്തി കാഴ്ച ഭംഗി ലഭിക്കുന്ന തരത്തിൽ ക്രമീകരിക്കുകയായിരുന്നുവെന്ന് സുവോളജി വിഭാഗം മേധാവി ഡോ. സുലേഖ പറഞ്ഞു.

ഇന്ന് രാവിലെ 9.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള മെഗാ പ്ളേസ് മെന്റ് ഡ്രൈവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.