ബ്രഹ്മപുരത്ത് നടന്നത് പ്ളാസ്റ്റിക്ക് കുംഭകോണം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ പ്ളാസ്റ്റിക് 2012 മുതൽ വിറ്റ വകയിൽ നടന്നത് കോടികളുടെ വെട്ടിപ്പ്. പ്ളാസ്റ്റിക്ക് വില കിലോ 20 രൂപയ്ക്ക് മുകളിലെത്തിയപ്പോഴും ഒന്നര രൂപയ്ക്കാണ് പത്ത് വർഷത്തിലേറെ കൊച്ചി കോർപ്പറേഷൻ പ്ളാസ്റ്റിക് വിറ്റത്. 2012ൽ കരാറെടുത്ത ഭാരത് ട്രേഡേഴ്സ് എന്ന കമ്പനി 2023 വരെ തുടർന്നു. 2014ൽ മാത്രമാണ് കരാർ പുതുക്കിയത്. അന്നും 1.50 രൂപയെന്ന നിരക്കിൽ വ്യത്യാസം വരുത്തിയില്ല.
നിലവിലെ ഭരണസമിതി പലവട്ടം കരാർ പുതുക്കാൻ ശ്രമങ്ങൾ നടത്തിയിട്ടും കഴിഞ്ഞ വർഷം മാത്രമാണ് ഭാരത് ട്രേഡേഴ്സിനെ മാറ്റി സർക്കാരിന്റെ കീഴിലുള്ള ക്ളീൻ കേരള കമ്പനിയെ ചുമതല ഏൽപ്പിച്ചത്. യു.ഡി.എഫ് ഭരിച്ചപ്പോഴും ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണത്തിലും ക്ളീൻ കേരളയ്ക്ക് കരാർ നൽകുന്നതിനെതിരെ പ്രവർത്തിച്ചത് ഒരേ സംഘം. 2014-15ലെ തിരഞ്ഞെടുപ്പുക്കാലത്ത് പ്ളാസ്റ്റിക് ലേലത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിട്ടും അന്നത്തെ മേയർ ഭാരത് ട്രേഡേഴ്സിന് തന്നെ ടെൻഡറില്ലാതെ ഇതേ നിരക്കിൽ തന്നെ നൽകി. വിറ്റ പ്ളാസ്റ്റിക്കിന്റെ വിലയും കൃത്യമായി ഈടാക്കിയിരുന്നില്ല.
സംസ്ഥാന സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഇടപാടുകൾ സംബന്ധിച്ച് പലവട്ടം എതിർപ്പ് അറിയിച്ചിട്ടും കൊച്ചി കോർപ്പറേഷൻ ഗൗനിച്ചില്ല. നടപടിക്രമങ്ങളിലെ വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ടിൽ എണ്ണമിട്ട് പലവട്ടം പറഞ്ഞിട്ടുണ്ട്. ഇവർക്ക് നൽകിയ പ്ളാസ്റ്റിക്കിന്റെ അളവ്, കോർപ്പറേഷന് ഈയിനത്തിൽ ലഭിച്ച വരുമാനം, നിരക്കിൽ മാറ്റം വരുത്താത്തതിന്റെ കാരണം, ടെൻഡർ നടത്താത്തതിന്റെ ന്യായം തുടങ്ങി പലവിധ ഓഡിറ്റ് അന്വേഷണങ്ങൾക്കും വിശദീകരണം നൽകാൻ കോർപ്പറേഷൻ തയ്യാറായില്ല.
പ്ളാസ്റ്റിക്ക് മാലിന്യത്തിന് കിലോ എട്ടു മുതൽ പത്തുരൂപ വരെ വില ലഭിക്കുമ്പോൾ 1.50 രൂപയ്ക്ക് വിൽക്കുന്നത് കോർപ്പറേഷന് വരുമാനനഷ്ടം ഉണ്ടാക്കുമെന്നും പൊതുടെൻഡർ ക്ഷണിച്ചേ വില്പന നടത്താവൂ എന്നും വരെ ഓഡിറ്റ് റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല.
ആരാണ് ഭാരത് ട്രേഡേഴ്സ്
പത്തുവർഷമായി ടെൻഡർ പോലും വിളിക്കാതെ 1.50 രൂപയ്ക്ക് പ്ളാസ്റ്റിക്ക് വാങ്ങിയ ഭാരത് ട്രേഡേഴ്സിന് പിന്നിലുള്ളവരെക്കുറിച്ച് ആർക്കും വ്യക്തമായ വിവരമില്ല. കാക്കനാട് വാഴക്കാല മൊറാർജി ദേശായി റോഡിലാണ് സ്ഥാപനത്തിന്റെ വിലാസം. ഭരണം ഇടതും വലതും മാറിയാലും പ്ളാസ്റ്റിക് കച്ചവടത്തിന്റെ കുത്തക ഭാരതിനായിരുന്നു.
പ്ളാസ്റ്റിക് ഖനി
ഭാരത് ട്രേഡഴ്സിന്റെ പ്ളാസ്റ്റിക് ഖനിയായിരുന്നു ബ്രഹ്മപുരം. 40 ഓളം ജീവനക്കാരാണ് ഇവിടെ പ്ളാസ്റ്റിക്ക് വേർതിരിക്കുന്നത്. ഇതിൽ നല്ലതു മാത്രം എടുത്ത ശേഷം അവശേഷിക്കുന്നവ ഇവിടെ തന്നെ തള്ളും. തീപ്പിടിത്തമുണ്ടായി കത്തിയ പ്ളാസ്റ്റിക് മാലിന്യത്തിൽ നല്ലൊരു ഭാഗം ഇവരുടെ സംഭാവനയാണ്. വിറ്റ പ്ളാസ്റ്റിക്കിന്റെ അവശിഷ്ടം സ്വീകരിക്കേണ്ട ബാദ്ധ്യത കോർപ്പറേഷന് ഇല്ലായിരുന്നു എന്നാണ് സൂചന.