ബുക്ക് ചെയ്യാം വിഷു സദ്യ...

Wednesday 05 April 2023 12:28 AM IST

കൊച്ചി: വിഷു കൈയത്തും ദൂരത്തെത്തിയെങ്കിലും വിഷു സദ്യയെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഓൺലൈനായി ഓർഡർ നൽകിയാൽ സദ്യ വിഷു ദിനത്തിൽ സദ്യ വീട്ടിലെത്തും.

നഗരത്തിലെ പ്രധാന ഹോട്ടലുകളും റെസ്റ്ററന്റുകളും കാറ്ററിംഗ് സ്ഥാപനങ്ങളും വിഷു സദ്യയ്ക്കുള്ള ഓർഡറുകൾ എടുത്തു തുടങ്ങി. സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യങ്ങളും സജീവമാണ്.

ഓൺലൈനായി ഓർഡർ നൽകുന്നവർക്കുള്ള തയ്യാറെടുപ്പും ആരംഭിച്ചു. ചില സ്ഥാപനങ്ങളിൽ നേരിട്ട് വന്ന് വാങ്ങണം. വാട്‌സാപ്പിലൂടെയാണ് മിക്ക സ്ഥാപനങ്ങളും ഓർഡറുകൾ സ്വീകരിക്കുന്നത്. പണം ഓൺലൈനായി അടയ്ക്കാം.

സദ്യവട്ടം
വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ ഉൾപ്പെടെയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം. 200 മുതൽ 500 രൂപ വരെയാണ് ഒരു സദ്യയുടെ വില. 4 പേർക്കുള്ള സദ്യയ്ക്ക് 1300 രൂപയ്ക്ക് വിൽക്കുന്ന കേറ്ററിംഗുകാരും അഞ്ചുപേ‌‌ർക്കുള്ള സദ്യ 750 രൂപയ്ക്ക് നൽകുന്ന കേറ്ററിംഗുകാരുമുണ്ട്.

പാലട, അടപ്രഥമൻ എന്നിവയ്ക്ക് 250 രൂപയും മറ്റ് പായസങ്ങൾക്ക് 250 രൂപയുമാണ് പല സ്ഥലങ്ങളിലും നിരക്ക്. ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാം. സദ്യ കൂടാതെ പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും ഓർഡറുകൾ സ്വീകരിച്ച് എത്തിക്കും.

മുൻ വർഷങ്ങളിലേത് പോലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിഷു വിപണനമേളകളും ഉടൻ ആരംഭിക്കും. മേളയിൽ വിവിധയിനം പായസങ്ങൾ, പുളിയിഞ്ചി, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവയാണ് ലഭ്യമാകുക. രണ്ടു പായസം അടക്കമുള്ള വിഷുസദ്യയുമായി പ്രശസ്തമായ വിനായക കാറ്ററിംഗ് ഏജൻസിയും ഇത്തവണ രംഗത്തുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി പാഴ്സൽ ഏറ്റുവാങ്ങണമെന്ന് നിബന്ധനയുണ്ട്. 240 രൂപയാണ് വിഷു സദ്യയ്ക്ക് നിരക്ക്.

വിഷു സദ്യ ഓർഡർ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്.

പ്രിൻസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ

Advertisement
Advertisement