വള്ളി കല്യാണം ഭക്തി നിർഭരമായി
കോഴിക്കോട് : കോഴിക്കോട് തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പങ്കുനി ഉത്ര മഹോത്സവത്തോടനുബന്ധിച്ചു നടന്ന വള്ളി കല്യാണം ഭക്തി നിർഭരമായി. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച പൂജാദി കർമ്മങ്ങളിൽ സുബ്രഹ്മണ്യ ലക്ഷാർച്ചന, കാർത്തികേയപൂജ, കുക്കുട സ്‌കന്ദ ഹോമം, വള്ളി കല്യാണം എന്നിവ നടന്നു. പൂജാദി കർമ്മങ്ങൾക്ക് തളി ബ്രാഹ്മണ സമൂഹം പരോഹിതൻ രഘു വാധ്യാർ, ക്ഷേത്ര പരോഹിതൻ ബാലസുബ്രമണ്യ ശർമ്മ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. കാവടി മുദ്ര നിറയ്ക്കൽ ചടങ്ങ് നടന്നു.
പങ്കുനി ഉത്ര ദിവസമായ ഇന്ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യകൂട്ട് മഹാഗണപതി ഹോമം, മഹന്യാസപൂർവ്വം രുദ്രാഭിഷേകം, കാവടിപൂജ എന്നിവ നടക്കും. രാവിലെ 7.30 മണിക്ക് പാളയം പുതിയ കോവിലകം മാരിയമ്മൻ കോവിലിൽ നിന്നും 'പാൽകുടം വരവ് 'ക്ഷേത്രത്തിൽ എത്തും. 'കാവടി വരവ്' ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തളി ക്ഷേത്രം, തളി ബ്രാഹ്മണ സമൂഹം വഴി ക്ഷേത്രത്തിൽ എത്തും. തുടർന്ന് 'പാൽ കുടമാടൽ' നടക്കും. വൈകിട്ട് 6 മണിക്ക് ''കാവടി ഘോഷയാത്ര' തളി ഗ്രാമം ചുറ്റി ക്ഷേത്രത്തിൽ തിരിച്ചെത്തും. കൽപ്പാത്തി ദണ്ഡപാണി ഭജന സംഘം കാവടി രാശു അയ്യർ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ ആണ് കാവടി ഘോഷയാത്ര നടക്കുക. തുടർന്ന് അഭിഷേകം നടക്കും.