ട്രൈപോഡ് സ്റ്റാൻഡ് സ്വന്തമായി വികസിപ്പിച്ച തുപ്പംപടി ഫയർ സ്റ്റേഷൻ

Wednesday 05 April 2023 12:56 AM IST

ചോറ്റാനിക്കര: ആഴം കൂടിയ കിണറുകൾ കുളങ്ങൾ എന്നിവയിൽ നിന്ന് മൃഗങ്ങളെയും മനുഷ്യരെയും പരിക്കുകൾ പറ്റാതെ അനായാസം രക്ഷാപ്രവർത്തനം നടത്തുന്നതിനായി ട്രൈപോഡ് സ്റ്റാൻഡ് സ്വന്തമായി വികസിപ്പിച്ചെടുത്ത് മുളന്തുരുത്തി തുപ്പംപടി ഫയർ സ്റ്റേഷൻ.

ജീവനക്കാർ കുറവായതിനാലും കിണറുകളിലും മറ്റും ഇറങ്ങി രക്ഷാപ്രവർത്തനം ദുഷ്കരമായതിനാലും മുകളിൽ നിന്നുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ഒരു ഉപകരണത്തെക്കുറിച്ച് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ ചിന്തിക്കുന്നത്. പിന്നീട് തന്റെ ആശയത്തിന്റെ രൂപരേഖ തയ്യാറാക്കി മേലധികാരികൾക്ക് സമർപ്പിച്ചതിനെ തുടർന്നാണ് മണീട് ഫാബിൻ ടെക്നോളജിസ് എന്ന സ്ഥാപനത്തെ നിർമ്മാണം ഏൽപ്പിച്ചത്.

സ്ഥാപന ഉടമ ജോൺസണിന്റെ നേതൃത്വത്തിൽ ഏകദേശം 300 കിലോ തൂക്കം വരുന്ന പൈപ്പുകൾ ഉപയോഗിച്ചാണ് ട്രൈപോഡ് സ്റ്റാൻഡ് നിർമ്മിച്ചത്.

ഒരു ടൺ ഭാരം വരുന്ന ഏതൊരു വസ്തുവും ആഴമുള്ള സ്ഥലങ്ങളിൽ നിന്ന് വളരെ അനായാസം പുറത്തെടുക്കാൻ സാധിക്കും. 45,000 രൂപ ചെലവ് വരുന്ന ഈ ഉപകരണം സൗജന്യമായാണ് ഫാബിൻ ടെക്നോളജിസ് നിർമ്മിച്ചു നൽകിയത്.

ആർ.എഫ്.ഓ. ജെ.എസ്. സുജിത് കുമാർ, ഡി.എഫ്.ഓ. കെ. ഹരികുമാർ, ഫാബിൻ ടെക്നോളജിസ്റ്റ് ഉടമ ജോൺസൻ എന്നിവരുടെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്തരം ഒരു ഉപകരണം വളരെ വേഗത്തിൽ നിർമ്മിക്കാൻ സാധിച്ചതെന്ന് ഓഫീസർ അനിൽകുമാർ അറിയിച്ചു.