പകൽ സംഗീത സംവിധായകൻ; രാത്രിയിൽ ഡെലിവറി ബോയ്
കൊച്ചി: വീട്ടുപടിക്കൽ ഭക്ഷണം എത്തിച്ചു മടങ്ങിയ ആ ചുവപ്പു കുപ്പായക്കാരൻ യേശുദാസും ചിത്രയും ഉൾപ്പെടെ ആലപിച്ച 1300ലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ മുരളി അപ്പാടത്ത് (40) ആണെന്ന് ആരും തിരിച്ചറിയാറില്ല.
വെണ്ണലയിൽ സ്വന്തം റെക്കാഡിംഗ് സ്റ്റുഡിയോയുണ്ട്. അവിടത്തെ ജോലികൾ തീർത്തിട്ടാണ് രാത്രികളിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരനാകുന്നത്.
ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമുൾപ്പെടെ 200ലേറെ പ്രതിഭകളെ മുരളി സംഗീതലോകത്ത് കൈപിടിച്ചു നടത്തിയത് ഈ സ്റ്റുഡിയോവഴിയാണ്. പ്രതിഫലം നോക്കാതെ വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഇപ്പോഴും അവസരം തേടി ആരു വന്നാലും ലാഭേച്ഛകൂടാതെ വേണ്ടതെല്ലാം ചെയ്തുകൊടുക്കും. അതേസമയം,കുടുംബം പോറ്റാൻ രാത്രി 7 മുതൽ പുലർച്ചെ 4.30 വരെ ഭക്ഷണ വിതരണത്തിന് പോയി വരുമാനമുണ്ടാക്കും. 17 ലക്ഷം രൂപ മുടക്കിയാണ് 2021ൽ റെക്കോഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചത്. അതു നടത്തിക്കൊണ്ടുപോകാൻതന്നെ നല്ലൊരു തുക വേണം.
ഒറ്റപ്പാലത്തെ ചുമട്ടുതൊഴിലാളിയും ഗായകനുമായ അപ്പാടത്ത് ഹരിദാസൻ നായരുടെ മകനാണ് മുരളി. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം പാസായശേഷം അമച്വർ സംഗീത സംവിധായകനായി. അവസരം കുറഞ്ഞപ്പോൾ വെൽഡിംഗ് ജോലിയും പ്രവാസ ജീവിതവും നയിച്ച് സ്വരൂപിച്ച തുകയും സൃഹൃത്തുക്കൾ നൽകിയ പണവും കൊണ്ടാണ് രണ്ടുവർഷം മുമ്പ് കൊച്ചിയിൽ സ്റ്റുഡിയോ തുടങ്ങിയത്. താൻ ചിട്ടപ്പെടുത്തിയ ഒരു ഗാനമെങ്കിലും യേശുദാസിനെക്കൊണ്ട് പാടിക്കുക എന്നതായിരുന്നു സ്വപ്നം.
2020ൽ മൊരടൻ എന്ന സിനിമയിൽ ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം ...എന്ന പാട്ട് മുരളിയുടെ ഈണത്തിൽ യേശുദാസ് പാടി. തീമഴ പിന്നെയും മഴ എന്ന സിനിമയിലൂടെ ചിത്രയും മുരളിക്കായി പാടി.
കർട്ടൻ, ഒരു വയനാടൻ പ്രയണകഥ, ടീം ഡി, ചാണ തുടങ്ങിയ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
സഹോദരങ്ങളായ രാധാകൃഷ്ണനും സ്മിതയും പാട്ടുകാരാണ്. ഭാര്യ: നീതു. മക്കൾ: ആതിര, ആരതി.