രണ്ട്‌മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ അനുവദിച്ചു

Wednesday 05 April 2023 4:02 AM IST

തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ തുകയായ 3200രൂപ 10മുതൽ വിതരണം ചെയ്യും. ഇതിനായി 1871കോടിരൂപ അനുവദിച്ചു. സംസ്ഥാനത്തെ 60ലക്ഷത്തോളം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തികവിവേചനം മൂലം പ്രതിസന്ധിയിലായെങ്കിലും വർഷാന്ത്യ ചെലവിനായി 22000കോടി കണ്ടെത്താൻ സർക്കാരിനായിരുന്നു. ട്രഷറി അടച്ചുപൂട്ടുമെന്നും സംസ്ഥാനം ഓവർഡ്രാഫ്റ്റിലേക്ക് പോകുമെന്നും ശമ്പളവും പെൻഷനും ക്ഷേമപെൻഷനുമുൾപ്പെടെ തുടങ്ങാൻ പോകുന്നു എന്നും പ്രചരിപ്പിച്ച ആളുകളെ നിരാശപ്പെടുത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവർക്കുള്ള കരുതലായാണ് സാമൂഹ്യക്ഷേമപെൻഷൻ കുടിശിക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.