പോത്തുണ്ടി അണക്കെട്ടിൽ 2.5 അടി വെള്ളം മാത്രം

Wednesday 05 April 2023 12:24 AM IST
പോത്തുണ്ടി ഡാമിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ

  • ആശങ്കയിൽ മേഖലയിലെ കുടിവെള്ള പദ്ധതികൾ
  • അഞ്ചുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ അളവ്

നെന്മാറ: പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള പദ്ധതികളും ആശങ്കയിലാകുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് മാർച്ച് 31ന് രേഖപ്പെടുത്തിയത്. 54 അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിർബന്ധമായും നിലനിറുത്തേണ്ട അളവിനേക്കാൾ (ഡെഡ് സ്റ്റോറേജ്) ഇപ്പോൾ 2.5 അടി മാത്രമാണ് വെള്ളമുള്ളത്.

ഇതോടെയാണ് 255 കോടി ചെലവഴിച്ച് കിഫ്ബി വഴി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികൾ ആശങ്കയിലേക്ക് നീങ്ങുന്നത്. നിലവിൽ നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്തുകളിലേക്കാണ് അണക്കെട്ടിൽ നിന്ന് കുടിവെള്ള- ജലവിതരണം നടത്തുന്നത്. അണക്കെട്ടിൽ വെള്ളം കുറഞ്ഞതോടെ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ ജവവിതരണം.

രണ്ടുമാസത്തേക്ക് മൂന്ന് പഞ്ചായത്തുകളിലേക്ക് കുടിവെള്ളത്തിന് നൽകാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. അണക്കെട്ടിൽ വെള്ളം കുറഞ്ഞതോടെ മീൻ വളർത്തലും പ്രതിസന്ധിയലേക്ക് നീങ്ങുകയാണ്.

കിഫ്ബി പദ്ധതിക്കും വെള്ളമില്ല നിലവിലെ മൂന്ന് പഞ്ചായത്തുകൾ കൂടാതെ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആറ് പഞ്ചായത്തുകളിൽ കൂടി പോത്തുണ്ടി വെള്ളം എത്തിക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. പല്ലശന, എരിമയൂർ പഞ്ചായത്തിലേക്ക് പല്ലാവൂരിനടുത്തുള്ള കുന്നിൽ മുകളിൽ 33 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതും എലവഞ്ചേരിയിലേക്ക് വെങ്കായപ്പാറയിൽ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതും ആലത്തൂർ, കാവശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കായി വെങ്ങന്നൂർ നിരങ്ങാംപാറയിൽ 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതുമായ ജലസംഭരണി നിർമ്മാണം അവസാന ഘട്ടത്തിലാണ്.

ഇതോടൊപ്പം 855 കിലോമീറ്റർ ദൂരം ജലവിതരണ കുഴലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നു. ഇതിനായി പോത്തുണ്ടിയിൽ 26 ദശലക്ഷം ലിറ്റർ വെള്ളം ശുചീകരിക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. പക്ഷേ വിതരണത്തിനാവശ്യമായ വെള്ളം മാത്രം അണക്കെട്ടിലില്ല.

കാർഷിക മേഖലയ്ക്ക് തിരിച്ചടി പൂർണ്ണ സംഭരണ ശേഷിയുണ്ടായിട്ടുപോലും ആയക്കെട്ട് പ്രദേശത്തെ ഏഴ് പഞ്ചായത്തുകളിലെ രണ്ടാംവിള നെൽകൃഷിയ്ക്ക് പൂർണ്ണമായും ജല വിതരണം നടത്താൻ കഴിയാതെ വാലറ്റ പ്രദേശമുൾപ്പെടെ ഉണങ്ങിയിരുന്നു. കാർഷിക മേഖലയ്ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവും അണക്കെട്ടിൽ നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ അളവും ഉൾപ്പെടെയുള്ള പ്രാഥമിക പഠനം തടത്താതെയാണ് കിഫ്ബി പദ്ധതി നടപ്പിലാക്കിയതെന്ന് ജലസേചന വിഭാഗം അധികൃതർ പറയുന്നു. ഇതോടെ കാർഷിക മേഖലയ്ക്കും കുടിവെള്ളത്തിനും വെള്ളമില്ലാത്ത സ്ഥിതിയായി.

വർഷം ജലനിരപ്പ്

  1. 2019 മാർച്ച് 31- 4.98 അടി
  2. 2020 മാർച്ച് 31- 8.80 അടി
  3. 2021 മാർച്ച് 31- 5.02 അടി
  4. 2022 മാർച്ച് 31- 5.38 അടി
  5. 2023 മാർച്ച് 31- 2.52 അടി