കൊഴിഞ്ഞാമ്പാറ ബൈപ്പാസ്: സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങി
ചിറ്റൂർ: സംസ്ഥാന പാതയിൽ വീരംപൊറ്റയിൽ നിന്ന് നാട്ടുകൽ മുട്ടി മാമ്പള്ളം വഴി ഉദ്ദേശിക്കുന്ന കൊഴിഞ്ഞാമ്പാറ ബൈപാസിനെതിരെ വിവിധ തലങ്ങളിൽ പ്രതിഷേധം കനക്കുന്നു. ബൈപ്പാസിന്റെ രൂപരേഖയുമായി ബന്ധപ്പെട്ട് നാട്ടുകല്ലിൽ സ്ഥലം സന്ദർശിക്കാനെത്തിയ കിഫ്ബിയുടെ ഉദ്യോഗസ്ഥർ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മടങ്ങി.
മാനദണ്ഡം പാലിക്കാതെയും ഏറെ കൃഷി ഭൂമിയും പാർപ്പിടവും നഷ്ടപ്പെടുന്നതുമായ ബൈപ്പാസിനെതിരെ ശക്തമായ നിലപാടാണ് കർഷകരുൾപ്പെടെ സാധാരണക്കാർ സ്വീകരിക്കുന്നത്. വിഷയത്തിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ച് മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ജനം.
ബൈപ്പാസിനെതിരെ ഉയർന്ന പ്രതിഷേധത്തിൽ ജനപ്രതിനിധികളും ആശങ്കയിലാണ്. നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തരത്തലാണ് ബൈപ്പാസിന്റെ പുതിയ രൂപരേഖ. സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 180 കോടി അനുവദിച്ചതായാണ് അറിയുന്നത്.