കടുവാപ്പേടിയിൽ പെരുനാട് , നിരീക്ഷണത്തിന് കാമറ സ്ഥാപിച്ചു

Wednesday 05 April 2023 12:33 AM IST

റാന്നി : പെരുനാട് കാർമൽ കോളേജിന് സമീപം പശുവിനെ കൊലപ്പെടുത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചു. പെരുനാട് വളവനാൽ റെജി തോമസിന്റെ പശുവാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കടുവയുടെ ആക്രമണത്തിൽ ചത്തത്. തൊഴുത്തിനോട് ചേർന്നുള്ള റബർത്തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. കടുവയെ കുടുക്കാൻ കൂടുവയ്ക്കുന്നതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി രാജാംപാറ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പശുവിനെ ആക്രമിച്ച സ്ഥലത്ത് വീണ്ടും കടുവ എത്താൻ സാദ്ധ്യത ഉള്ളതിനാലാണ് വനംവകുപ്പ് കാമറ സ്ഥാപിച്ചത്.

ഇന്നലെ രാവിലെ പെരുനാട് കൂനംകര മേഖലയിൽ തോട്ടത്തിൽ പശുവിനെ തീറ്റാൻ പോയവർ കടുവയെ കണ്ടെന്നും അഭ്യൂഹമുണ്ട്. വനംവകുപ്പ് ഇത് സ്ഥിരീകരിച്ചില്ലെങ്കിലും ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. വനത്തിനോട് ചേർന്ന പ്രദേശത്തിന് പുറമെ ഏക്കറുകണക്കിന് വരുന്ന കമ്പനി തോട്ടങ്ങൾ കാടുമൂടി കിടക്കുന്നതും വന്യജീവികൾക്ക് താവളമാകുന്നുണ്ട്. റബർ ടാപ്പിംഗ് ഇല്ലാത്തതിനാൽ തോട്ടങ്ങളിൽ വ്യാപകമായി കാടുകൾ വളർന്നിരിക്കുകയാണ്. അഴിച്ചുവിട്ടു വളർത്തുന്ന പശു, ആട് എന്നിവയെ വേഗത്തിൽ വേട്ടയാടാൻ കഴിയുമെന്നതിനാൽ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.