സൈലന്റ് വാലി ദേശീയോദ്യാനം തുറന്നു
മണ്ണാർക്കാട്: കാടും താഴ്‌വരകളും കുളിരും ആസ്വദിക്കാൻ സൈലന്റ് വാലി ദേശീയോദ്യാനം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. മുക്കാലി മുതൽ സൈരന്ധ്രി വരെയുള്ള റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പ്രവേശനം നിറുത്തിയന്നത്. ഒരു വർഷമായി അടച്ചിട്ടിരുന്നു. ഇടക്കാലത്ത് തുറന്നെങ്കിലും പ്രവൃത്തി പുനരാരംഭിച്ചതോടെ വീണ്ടും അടച്ചിട്ടു.
കാട്ടിലൂടെയുള്ള 21 കി.മീ റോഡാണ് നവീകരിച്ചത്. മുൻവർഷങ്ങളിലെ അധിക മഴയും മണ്ണിടിച്ചിലും റോഡിലെ യാത്ര ദുഷ്കരമാക്കിയിരുന്നു. വീൽ ട്രാക്ക് കോൺക്രീറ്റിംഗാണ് നിലവിൽ നടത്തിയത്. വളവുകളിൽ റോഡ് മുഴുവനായും കോൺക്രീറ്റ് ചെയ്തു. വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളും മണ്ണിടിച്ചിലുള്ള ഭാഗങ്ങളിൽ ഗാബിയോൺ ചുമരുകളും കെട്ടി.
നബാർഡിന്റെ സാമ്പത്തിക സഹായത്തിൽ 11.5 കോടി ചെലവഴിച്ചാണ് പ്രവൃത്തി. മൂന്നുവർഷത്തെ സമയമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഒരുവർഷം കൊണ്ട് പ്രവൃത്തി പൂർത്തിയായെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് പറഞ്ഞു. കഴിഞ്ഞ പ്രളയ മഴയിൽ തകർന്ന സൈരന്ധ്രിക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഇനി പുനർ നിർമ്മിക്കാനുള്ളത്.