പ്രതിഭാ കേന്ദ്രങ്ങളിലെ പഠന വിനോദയാത്ര കൗതുകമായി
പെരിന്തൽമണ്ണ: ബി.ആർ.സിയുടെ തനത് പരിപാടിയായി നടത്തിയ പ്രതിഭാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുടെയും എഡ്യുക്കേഷൻ വളണ്ടിയർമാരുടെയും ഏകദിന പഠന ഉല്ലാസ യാത്ര നവ്യാനുഭവമായി. ആദ്യമായി കടൽ കണ്ട കുട്ടികൾ, ബോട്ട് യാത്ര കണ്ടറിഞ്ഞവർ, ജൈവ വൈവിധ്യ പാർക്കിൽ യഥേഷ്ടം വിഹരിക്കാൻ അവസരം ലഭിച്ചവർ, പൊന്നാനി ബീച്ചിൽ സൂര്യാസ്തമയം ഒപ്പിയെടുത്തവർ, വൈകിട്ട് കടൽ തീരത്തിനും തിരമാലകൾക്കുമിടയിലുള്ള കളി എല്ലാം കുട്ടികൾ മതിമറന്ന് ആസ്വദിച്ചു. തിരൂർ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകവും മ്യൂസിയവും കാണാനും പഠിക്കാനും അവസരം ലഭിച്ചു. പെരിന്തൽമണ്ണ ബി.ആർ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന സായ് സ്‌നേഹതീരം, വളപുരം അങ്കണവാടി, ഏലംകുളം അങ്കണവാടി എന്നീ സെന്ററുകളിൽ വരുന്ന 74 വിദ്യാർത്ഥികളും എഡ്യുക്കേഷൻ വളണ്ടിയർമാരും ബി.ആർ.സി അംഗങ്ങളും സായി സ്‌നേഹതീരത്തിലെ ചുമതലക്കാരും ഉൾപ്പടെ 86 പേരാണ് രണ്ട് ബസ്സിലായി യാത്രാ ടീമിലുണ്ടായിരുന്നത്. യാത്രാ ടീമിന് പെരിന്തൽമണ്ണ ബി.ആർ.സി ട്രെയ്നർ എം.പി സുനിൽ കുമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ കെ.അബ്ദുൽ കരീം, ടി.പി.അനിൽ, അമൃത പ്രമോദ്, സി.കെ.സജിന, സായ് സ്‌നേഹതീരത്തിലെ കെ.ആർ.രവി, എഡ്യുക്കേഷൻ വളണ്ടിയർമാരായ ജയലക്ഷ്മി, ഉണ്ണികൃഷ്ണൻ, ഷെമി, ജിഷ, വി സുനിത എന്നിവർ നേതൃത്വം നൽകി.