റംസാൻ പ്രാർത്ഥനാസംഗമം 17ന് മലപ്പുറത്ത്

Wednesday 05 April 2023 1:54 AM IST

തിരുവനന്തപുരം: മലപ്പുറം മഅ്ദിൻ അക്കാഡമിയുടെ നേതൃത്വത്തിൽ റംസാൻ പ്രാർത്ഥനാസംഗമം 17ന് മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറിൽ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ,പേരോട് അബ്ദുർ റഹ്മാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും.

ലൈലത്തുൽ ഖദ്ർ (വിധി നിർണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാൻ 27ാം രാവിലാണ് വിശ്വാസികളുടെ ആത്മീയ കൂട്ടായ്മ.ആത്മീയ സംഗമത്തിൽ ലഹരി വിപത്തിനെതിരെ പ്രതിജ്ഞയെടുക്കും. ലഹരിവിരുദ്ധ സന്ദേശമെത്തിക്കുന്നതിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. മഅ്ദിൻ ചെയർമാനും കേരളാ മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

പ്രാർത്ഥനാ സമ്മേളനത്തിനെത്തുന്നവർക്ക് സ്വലാത്ത് നഗറിൽ സമൂഹ ഇഫ്താർ ഒരുക്കുമെന്നും മഅ്ദിൻ അക്കാഡമി ആൻഡ് ജനറൽ സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത് ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി,​കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി,​എസ്.വൈ.എസ് കേരള സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം,സൈനുദ്ദീൻ നിസാമി കുന്ദമംഗലം,ഖാലിദ് സഖാഫി സ്വലാത്ത് നഗർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.