കൃഷിരീതി മുതൽ വിളവെടുപ്പുവരെ കാണാം, 'വെള്ളരി'യിൽ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം
ആലപ്പുഴ: ഏത് കർഷകൻ, എവിടെ, എങ്ങനെ ഉത്പാദിപ്പിച്ചതാണെന്നുള്ള വീഡിയോ ക്യൂ ആർ കോഡ് റീഡ് ചെയ്ത് കണ്ട് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാം. ഇതിനായി സംസ്ഥാനത്ത് ആദ്യ ഔട്ട്ലെറ്റ് 'വെള്ളരി"ഞായറാഴ്ച (9ന്) മുഹമ്മയിൽ തുറക്കും.
ബ്രാൻഡ് ചെയ്ത് വിൽക്കുന്ന ഇസ്രയേൽ രീതി പിന്തുടർന്ന്, ഓരോ ഇനം പച്ചക്കറിയും എത്രത്തോളം ജൈവമാണെന്ന് ഉറപ്പിക്കാൻ ഉപഭോക്താവിന് മുന്നിൽ അവസരം തുറക്കുകയാണ് ഇതിലൂടെ.
സംസ്ഥാന സർക്കാർ കർഷകർക്ക് വേണ്ടിയൊരുക്കിയ ഇസ്രയേൽ യാത്രയിൽ നിന്ന് ആലപ്പുഴയിലെ യുവകർഷകൻ സുജിത്തിന് ലഭിച്ച ആശയങ്ങളാണ് എം.ബി.എ ബിരുദധാരികളായ ചേർത്തല സ്വദേശി കെ.എസ്.അമൃതും കഞ്ഞിക്കുഴി വാരണം സ്വദേശി ഭാഗ്യരാജും ചേർന്ന് പ്രാവർത്തികമാക്കുന്നത്. ബിസിനസ് കൺസൾട്ടന്റായിരുന്ന ഇരുപത്താറുകാരൻ അമൃതും ടാറ്റാ കൺസൾട്ടൻസി ജീവനക്കാരനായിരുന്ന മുപ്പത്തിരണ്ടുകാരൻ ഭാഗ്യരാജും വർഷങ്ങൾക്ക് മുമ്പേ ജോലി ഉപേക്ഷിച്ച് കൃഷി തിരഞ്ഞടുത്തവരാണ്.
കർഷകൻ ബ്രാൻഡാകുന്നത്
ഓരോ ഉത്പന്നത്തിന് മുകളിലും കർഷകന്റെ പേരും വീഡിയോ ക്യു ആർ കോഡും ഉണ്ടാകും. കൃഷിരീതി മുതൽ കർഷകനിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കുന്നത് വരെയുള്ള വീഡിയോ ഉപഭോക്താവിന് കണ്ട് ബോദ്ധ്യപ്പെടാം. ഇതോടെ ഓരോ കർഷകനും സ്വയം ബ്രാൻഡായി രൂപാന്തരപ്പെടും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന പച്ചക്കറി, പഴങ്ങൾ, അരി, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉത്പന്നങ്ങൾ ഇവിടെയുണ്ടാകും. ഉപ്പ് മുതൽ കർപ്പൂരം വരെ 'വെള്ളരി'യിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ ലഭ്യമല്ലാത്ത പഴങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന് എത്തിക്കും. പ്രാദേശിക ഉത്പന്നങ്ങൾക്ക് പുറമേ ഗുണമേന്മയുള്ള ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളെല്ലാം ബ്രാൻഡ് ചെയ്ത് ലേബലോടെ വിൽക്കുന്നതാണ് ഇസ്രയേലിന്റെ രീതി.
പ്രകൃതി സൗഹൃദ ഷോപ്പ്
കണ്ടുമടുത്ത സൂപ്പർമാർക്കറ്റുകളുടെ മുഖഛായയാവില്ല 'വെള്ളരി'ക്ക്. ഇരുമ്പ് റാക്കുകൾക്ക് പകരം പൈൻ മരത്തിന്റെ റാക്ക് മുതൽ അടിമുടി പ്രകൃതിസൗഹൃദ ഷോപ്പാകും. എയർ കണ്ടിഷൻ സംവിധാനത്തോടെ ഒരുക്കുന്ന കടയ്ക്കായി ഇതിനകം 20 ലക്ഷത്തിലധികം രൂപ മുതൽ മുടക്കി.
വിവിധ ഉത്പന്നങ്ങൾ ഒരുക്കുന്നത് വഴി പരോക്ഷമായി വീട്ടമ്മമാരുൾപ്പടെ ധാരാളം പേർക്ക് വരുമാനം ഉറപ്പാക്കാനാവും. ഉത്പാദനച്ചെലവിനനുസരിച്ച് കർഷകൻ ചോദിക്കുന്ന വില നൽകിയാവും ഉത്പന്നം നേരിട്ട് ശേഖരിക്കുക
- കെ.എസ്.അമൃത്