131 സൂപ്പർഫാസ്റ്റുകൾ നിരത്തിലിറക്കി, യാത്രക്കാർക്കായി ബസിൽ അനൗൺസ്‌മെന്റ്
തിരുവനന്തപുരം: 'തിരുവനന്തപുരത്ത് നിന്ന് തൃശൂരേക്ക് പുറപ്പെടുന്ന സ്വിഫ്ട് സൂപ്പർഫാസ്റ്റ് ബസ് പ്ലാറ്റ്‌ഫോം നമ്പർ മൂന്നിൽ നിന്ന് പുറപ്പെടുന്നു..." അനൗൺസ്‌മെന്റ് ബസ് സ്റ്റാൻഡിൽ നിന്നല്ല, കെ.എസ്.ആർ.ടി.സി സ്വിഫ്ട് ബസിൽ നിന്നുതന്നെ. യാത്രക്കാരെ വിളിച്ചുകയറ്റാനുള്ള അനൗൺസ്‌മെന്റ് സംവിധാനം അടക്കമുള്ള 131 പുതിയ സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്നലെ നിരത്തിലിറക്കി.
ഡ്രൈവർക്കാണ് അനൗൺസ്‌മെന്റ് ചുമതല. ബസ് സ്റ്റാൻഡുകളിൽ മാത്രമല്ല, സ്റ്റോപ്പുകളിലും ഉപയോഗിക്കാം. ബസിന്റെ പുറത്തെ ബോഡിയിലാണ് ഉച്ചഭാഷിണി ഘടിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ സുരക്ഷയ്ക്കായി ബസിൽ അഞ്ച് കാമറകൾ, സീറ്റുകളിൽ മൊബൈൽ ചാർജിംഗ് യൂണിറ്റുകൾ, ജി.പി.എസ്, ബസിനെ നിരീക്ഷിക്കാൻ ഐ അലർട്ട് അടക്കമുള്ള സംവിധാനങ്ങളുമുണ്ട്.
12 മീറ്ററാണ് ബസിന്റെ നീളം. 55 സീറ്റുകളുണ്ട്. ട്യൂബ്‌ലെസ് ടയറുകൾ. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സ്ക്രീൻ. അശോക് ലൈലാൻഡ് ഷാസിയിൽ ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ബോഡി നിർമ്മിച്ചത്. 38 ലക്ഷമാണ് ഒരു ബസിന്റെ വില. പ്ലാൻ ഫണ്ടിൽ നിന്ന് 50 കോടി ചെലവിട്ടാണ് 131ബസുകൾ വാങ്ങിയത്. വിവിധ ഡിപ്പോകൾക്ക് ഇവ ഇന്നലെമുതൽ നൽകിത്തുടങ്ങി. കാലപ്പഴക്കം ചെന്ന ബസുകൾക്ക് പകരമാണ് ഇവ വാങ്ങിയത്. തൈക്കാട് പൊലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.