അട്ടിമറി ശ്രമം, തീവയ്പ്പ്, ഭീതി പടർത്തി ട്രെയിൻ അതിക്രമങ്ങൾ
തിരുവനന്തപുരം: അട്ടമറി ശ്രമവും വനിതകൾക്കു നേരെയുള്ള അതിക്രമവും മോഷണവുമൊക്കെയായി കേരളത്തിലെ ട്രെയിൻ യാത്രയിൽ അരക്ഷിതത്വം വർദ്ധിക്കുമ്പോൾ, സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. വിമാനത്താവളങ്ങളിലെപ്പോലെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷാകേന്ദ്രം ഏറ്റെടുക്കണമെന്ന് 2014 ഒക്ടോബറിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനുകളിലെ ക്രമസമാധാനവും കേസന്വേഷണവും റെയിൽവേ പൊലീസ് തുടർന്നും വഹിക്കാമെങ്കിലും സുരക്ഷാച്ചുമതല ആർ.പി.എഫിനെ ഏൽപ്പിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, റെയിൽവേയിലെ ക്രമസമാധാനപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കുറ്റകൃത്യങ്ങൾ തടയുക, കേസുകൾ രജിസ്റ്റർ ചെയ്യുക, അന്വേഷിക്കുക, സുരക്ഷയൊരുക്കുക എന്നിവയെല്ലാം പൊലീസ് നിർവഹിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. സുരക്ഷാഏകോപനം ആർ.പി.എഫ് വഹിക്കുമെന്നാണ് റെയിൽവേയുടെ നിലപാട്.
പത്തുവർഷത്തിനിടെ നൂറിലേറെ തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായി. ട്രെയിനുകൾക്ക് നേരെ കരിങ്കൽച്ചീളുകളും മദ്യക്കുപ്പികളും വലിച്ചെറിയുന്നതും പതിവ്. നിരവധി യാത്രക്കാരുടെ കണ്ണ് നഷ്ടമായിട്ടുണ്ട്. 2010ജൂലായിൽ ഷെർണൂർ- നിലമ്പൂർ പാസഞ്ചറിന്റെ എൻജിനിലെയും 7കോച്ചുകളിലെയും ബ്രേക്കും ഫീഡർപൈപ്പുകളും മുപ്പതിടത്ത് മുറിച്ചിട്ട് അട്ടിമറിക്ക് ശ്രമിച്ചിരുന്നു.
വനിതാ യാത്രക്കാർക്കു നേരെയുള്ള അതിക്രമങ്ങളും വർദ്ധിക്കുകയാണ്. ഷൊർണൂരിൽ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരി സൗമ്യ കൊലചെയ്യപ്പെട്ട ശേഷം പട്രോളിംഗിനയച്ചിരുന്ന വനിതാപൊലീസിനെ ഏതാണ്ട് പിൻവലിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിൽ മാത്രമാണ് റെയിൽവേ പൊലീസ് സ്റ്റേഷനുകളുള്ളത്.
സുരക്ഷ ഇങ്ങനെ
റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെയും സംരക്ഷണമാണ് ആർ.പി.എഫിന്
റെയിൽവേ പൊലീസിനാണ് സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാചുമതല. ചെലവിന്റെ പകുതി റെയിൽവേ വഹിക്കും
അട്ടിമറിശ്രമം തുടർക്കഥ
മാവേലിക്കരയിൽ വഞ്ചിനാടിൽ ജലാറ്റിൻസ്റ്റിക്, ഡിറ്റണേറ്ററുകൾ, സേഫ്‌റ്റിഫ്യൂസുകൾ എന്നിവ പിടിച്ചു
കോഴിക്കോട് ഫറൂക്കിൽ ഡ്രില്ലറുകളുപയോഗിച്ച് പാളത്തിൽ 34 ദ്വാരങ്ങളുണ്ടാക്കി
കണ്ണൂരിൽ പാളങ്ങളുടെ ജംഗ്ഷൻ പോയിന്റിൽ കരിങ്കല്ലുകൾ വച്ചു
കായംകുളം ചേരാവള്ളിയിൽ പാളം ഉറപ്പിച്ചിരുന്ന ഉരുക്കുകമ്പികൾ ഇളക്കിമാറ്റി
മഞ്ചേശ്വരത്ത് പാളത്തിനു കുറുകെ 35കിലോയുള്ള ഇരുമ്പുദണ്ഡ് വച്ചു
ഇരവിപുരത്ത് ട്രാക്കിനു കുറുകെ വലിയ കോൺക്രീറ്റ് സ്ലാബിട്ടു
ആളൂരിലും കാപ്പിലും വളവിൽ ട്രാക്കിലേക്ക് തെങ്ങ് മുറിച്ചിട്ടു
കോട്ടയം-എറണാകുളം പാതയിൽ കുരീക്കാട്ട് പാളത്തിൽ ഇരുമ്പുഷീറ്റിട്ടു
ചുമത്തുന്നത് രാജ്യദ്രോഹം
ട്രെയിൻ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. ട്രെയിനിന് കല്ലെറിയുന്നതും യാത്രക്കാർക്ക് പരിക്കേൽപ്പിക്കുന്നതും 10വർഷം ശിക്ഷ കിട്ടാവുന്ന കുറ്റം.
300ലേറെ
കേരളത്തിലോടുന്ന ട്രെയിനുകൾ
9 ലക്ഷം
പ്രതിദിന യാത്രക്കാർ