എം.എസ്. സജീവന് മിന്നലൈ പുരസ്കാരം
കൊച്ചി: മികച്ച സാമൂഹിക പ്രസക്ത വാർത്താ പരമ്പരയ്ക്കുള്ള മണപ്പുറം യൂണിക് ടൈംസ് മിന്നലൈ മാദ്ധ്യമ പുരസ‌്കാരത്തിന് കേരളകൗമുദി കൊച്ചി ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ അർഹനായി. കേരളകൗമുദിയിൽ 2022 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 2 വരെ പ്രസിദ്ധീകരിച്ച 'കര തൊടാതെ ജലഗതാഗതം' എന്ന പരമ്പരയ്ക്കാണ് അവാർഡ്. പ്രശസ്തി പത്രവും ഫലകവും ഉൾപ്പെട്ട പുരസ്കാരം ഏപ്രിൽ 11ന് വൈകിട്ട് 6ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാർഡ് നിശയിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പാരിസ്ഥിതിക വാർത്താ പരമ്പരയ്ക്ക് സിജോ പൈനാടത്ത് (ദീപിക), അന്വേഷണ വാർത്താ പരമ്പരക്ക് കെ. ജയപ്രകാശ് ബാബു (മലയാള മനോരമ), വ്യക്ത്യാധിഷ്ഠിത വാർത്തക്ക് സീമ മോഹൻലാൽ (രാഷ്ട്രദീപിക), വാർത്താചിത്രത്തിന് ഇ.വി. ശ്രീകുമാർ (മലയാള മനോരമ) എന്നിവർ അവാർഡ് നേടി.ടെലിവിഷൻ വിഭാഗത്തിൽ വാർത്താവതാരകൻ കെ. കൃഷ്ണകുമാർ (മനോരമ ന്യൂസ്), വാർത്താവതാരക മാതു സജി (മാതൃഭൂമി ന്യൂസ്), റിപ്പോർട്ടിന് കെ.വി. സന്തോഷ്‌കുമാർ (ഏഷ്യാനെറ്റ് ന്യൂസ്), വാർത്താപരിപാടി അവതരണത്തിന് ടി.വി. ബിജു (ജീവൻ ടി.വി) എന്നിവരും റേഡിയോ പരിപാടിക്ക് ബെൻസി അയ്യമ്പിള്ളി, മനോജോസ് (റേഡിയോ മാംഗോ) എന്നിവരും അവാർഡിന് അർഹരായി.