കേരളത്തിൽ നാല് വർഷ ബിരുദ കോഴ്സ് ഇക്കൊല്ലമില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ
വരുന്ന അദ്ധ്യയന വർഷം ധൃതി പിടിച്ച് നടപ്പാക്കില്ല. സിലബസ് പരിഷ്കരണം, അദ്ധ്യാപക പരിശീലനം, അടിസ്ഥാന സൗകര്യങ്ങളൊരുക്കൽ എന്നിവ ജൂലായ് മാസത്തിനകം പൂർത്തിയാക്കാനാവില്ല.
കർണാടകയും ഗോവയുമൊഴിച്ചുള്ള സംസ്ഥാനങ്ങളൊന്നും നാലു വർഷ ബിരുദം നടപ്പാക്കിയിട്ടില്ല. ഡൽഹിയിൽ ഭൂരിഭാഗം പേരും മൂന്നാം വർഷം പഠനം നിറുത്തിയതിനെത്തുടർന്ന് കോഴ്സുകൾ വേണ്ടെന്നു വച്ചു. കേരളത്തിൽ ബിരുദ കോഴ്സുകളിൽ ആകെ ക്രെഡിറ്റിന്റെ 32 ശതമാനം ഭാഷാ വിഷയങ്ങളാണ്. ഇത് 9 ശതമാനമാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. വൻതോതിൽ ഭാഷാദ്ധ്യാപകരെ ഒഴിവാക്കേണ്ടി വരും.
കോളേജുകളിൽ നാലു വർഷ കോഴ്സുകൾ തുടങ്ങാൻ കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുകയും ,അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും വേണം. ക്ലാസ്‌മുറികൾ, ലാബ്, ലൈബ്രറി, ഹോസ്റ്റൽ അടക്കം സൗകര്യങ്ങളൊരുക്കാൻ ആയിരം കോടിയിലേറെ സംസ്ഥാനം മുടക്കേണ്ടി വരും. ഈ ഘട്ടത്തിൽ ഇത് സംസ്ഥാനത്തിന് ഏറ്റെടുക്കാനാവില്ല. പുതിയ കോഴ്സുകളായതിനാൽ സ്കീമും സിലബസും അദ്ധ്യാപക യോഗ്യതയും യു.ജി.സി മാനദണ്ഡ പ്രകാരം നിശ്ചയിക്കണം. നിലവിലെ ത്രിവത്സര ബിരുദത്തിന്റെ സിലബസ് അടിമുടി പരിഷ്കരിക്കണം. ഏതാനും ശില്പശാലകൾ നടത്തിയതല്ലാതെ ഇതിന് അന്തിമ രൂപമായിട്ടില്ല.
കണ്ണൂർ വാഴ്സിറ്റിയിൽ ബോർഡ് ഒഫ് സ്റ്റഡീസില്ല. കേരള, കാലിക്കറ്റ്, എം.ജി വാഴ്സിറ്റികളിൽ ബോർഡിന്റെ കാലാവധി തീരാറായി. കരട് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ച ശേഷം, സർവകലാശാലകൾക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് കോഴ്സുകൾ രൂപകല്പന ചെയ്യാമെന്നായിരുന്നു സർക്കാർ നിർദ്ദേശം. രണ്ടു സെമസ്റ്ററുകളിലെ പാഠ്യപദ്ധതി മാത്രം തയ്യാറാക്കി നാലു വർഷ കോഴ്സുകൾ തുടങ്ങുന്നതിനെ അദ്ധ്യാപകരും എതിർക്കുകയാണ്.
നാലു വർഷ കോഴ്സുകൾ ആരംഭിച്ച ശേഷം, അഞ്ച് വർഷത്തിനകം ത്രിവത്സര ബിരുദം പൂർണമായി നിറുത്താനായിരുന്നു തീരുമാനം. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ്, ഗണിതം എന്നിവയിലാവും ആദ്യം നാലു വർഷ കോഴ്സ് . ആദ്യ വർഷം സയൻസ്, കൊമേഴ‌്സ്, ആർട്സ് എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങളും പഠിക്കുകയും തുടർന്ന് ഒരു പ്രധാന വിഷയത്തിൽ പഠനം കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നാലു വർഷ ബിരുദത്തിന്റെ രീതി. ഈ ബിരുദം പൂർത്തിയാക്കുന്നവർക്ക് ബിരുദാനന്തര ബിരുദം കൂടാതെ ഗവേഷണം നടത്താമെന്നാണ് യു.ജി.സി ചട്ടം. നാക് എ-ഗ്രേഡോ ദേശീയ റാങ്കിംഗിൽ നൂറിനുള്ളതോ ആയ കോളേജുകളിലാവും തുടക്കത്തിൽ നാലു വർഷ കോഴ്സ് .