അന്താരാഷ്ട്ര വിലയിൽ കുതിപ്പ്; സംസ്ഥാനത്ത് സ്വ‌ർണവില 45,​000 കടക്കും

Wednesday 05 April 2023 2:14 AM IST

കൊച്ചി: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45,​000 കടക്കുമെന്ന് സൂചന. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്നലെ ഉണ്ടായ കുതിപ്പ് ഇന്ന് സംസ്ഥാനത്തെ വില വ‌ർദ്ധിപ്പിക്കാനാണ് സാദ്ധ്യത. ഇന്നലെ അന്താരാഷ്ട്ര സ്വർണവില ഔൺസിന് 40 ഡോളർ ഉയർന്ന് 2,021 ഡോളർ എത്തിയിട്ടുണ്ട്. ഈ നില തുടർന്നാൽ സംസ്ഥാനത്ത് ഇന്ന് സ്വർണം പവന് വില 45,​000 കടന്ന് സർവകാല റെക്കാഡിലെത്തുമെന്നാണ് വിലയിരുത്തൽ. ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ചതാണ് അന്താരാഷ്ടതലത്തിൽ സ്വ‌ർണവില കൂടാൻ കാരണം.

ഇന്നലെ സംസ്ഥാനത്ത് സ്വർണവില ഉയർന്ന് റെക്കാഡ് വിലയിൽ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്നലെ കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 44,​240 രൂപയാണ്. ഗ്രാമിന് 5530 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ ഉയർന്നു. വിപണി വില 4595 രൂപയാണ്.