എച്ച്.യു.ഐ.ഡി: ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കപ്പെടുമെന്ന് മലബാർ ഗ്രൂപ്പ്

Wednesday 05 April 2023 3:16 AM IST

കോഴിക്കോട്: എച്ച്.യു.ഐ.ഡി ഇല്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം സ്വർണാഭരണ വില്പന രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്. ഉപയോക്താക്കൾക്ക് പരിശുദ്ധിയുള്ള സ്വർണം ഉറപ്പാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകൾ പരിശോധിച്ച് ആഭരണങ്ങളിൽ പരിശുദ്ധി അടയാളപ്പെടുത്തുന്നതുകൊണ്ട് ഉപയോക്താക്കളുടെ താത്പര്യം പൂർണമായും സംരക്ഷിക്കപ്പെടുന്നു.

ഏപ്രിൽ ഒന്നു മുതൽ എച്ച്.യു.ഐ.ഡി രേഖപ്പെടുത്തിയ ആഭരണങ്ങൾ മാത്രമേ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വില്പന നടത്തുകയുള്ളൂ എന്ന് എം.പി. അഹമ്മദ് പറഞ്ഞു. എച്ച്.യു.ഐ.ഡി കോഡ് ഉപയോഗിച്ച് ജുവലറുടെ വിവരങ്ങളും ഹാൾമാർക്കിങ് സെന്ററിന്റെ പേരും അറിയാൻ കഴിയും. കള്ളക്കച്ചവടങ്ങൾക്ക് ഇതുവഴി നിയന്ത്രണം വരും. അതിനാൽ സർക്കാരിന്റെ ജി.എസ്.ടി വരുമാനം ഗണ്യമായി വർദ്ധിക്കും. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ തീരുമാനം കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുകയും ഇ ഗവേണിംഗ് സിസ്റ്റം നടപ്പിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉപയോക്താക്കൾക്ക് നൽകുന്ന ബില്ലും എച്ച്.യു.ഐ.ഡിയും തമ്മിൽ ഇപ്പോൾ ബന്ധിപ്പിച്ചിട്ടില്ല. ബില്ലിൽ എച്ച്.യു.ഐ.ഡി രേഖപ്പെടുത്തണമെന്നുകൂടി തീരുമാനിച്ചാൽ ഈ രംഗത്തെ നികുതി ചോർച്ച പൂർണമായും തടയാൻ കഴിയും. കാരണം ഓരോ ആഭരണത്തിന്റെയും കോഡ് വ്യത്യസ്തമാണ്. അതിനാൽ, ബില്ലുമായി എച്ച്.യു.ഐ.ഡി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കണമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ ആവശ്യപ്പെട്ടു. സ്വർണാഭരണ വിപണിയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്ന തീരുമാനമാണ് കേന്ദ്ര ഗവൺമെന്റ് എടുത്തിരിക്കുന്നത്. സമ്പദ്ഘടനയിൽ അതിന്റെ ഗുണം പ്രതിഫലിക്കുകയും ആത്യന്തികമായി ഇതിന്റെ നേട്ടം ജനങ്ങൾക്കാണെന്നും എം.പി. അഹമ്മദ് വ്യക്തമാക്കി.