ഇ കാർട്ട് വിജയം, ഇനി ഇലക്ട്രിക് ട്രൈസ്കൂട്ടർ; കേരള ഓട്ടോമൊബൈൽസ് വിജയപാതയിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഇലക്ട്രിക് ട്രൈസ്കൂട്ടർ നിർമാണരംഗത്തേക്ക്. അംഗപരിമിതർക്കും സ്ത്രീകൾക്കും ഉപയോഗപ്രദമാവും വിധമാണ് മുച്ചക്രസ്കൂട്ടർ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന്റെ രൂപഘടനയും പ്രോട്ടോടൈപ്പും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.ആർ.എ.ഐ)യുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. അംഗീകാരം കിട്ടിയാൽ ഉടൻ നിർമാണം തുടങ്ങും. നെയ്യാറ്റിൻകരയ്ക്ക് സമീപം ആറാലുംമൂട്ടിലുള്ള കമ്പനിയിലാവും ഉത്പാദനം. ഈ വിഭാഗത്തിൽ ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ ഇറങ്ങുന്നില്ല. അംഗപരിമിതർക്കായി ഇപ്പോൾ ഇറങ്ങുന്ന സ്കൂട്ടറുകൾക്ക് നാല് ചക്രങ്ങളാണുള്ളത്. കെ.എ.എൽ ഇറക്കുന്ന സ്കൂട്ടറുകൾക്ക് മൂന്ന് ചക്രങ്ങൾ മാത്രമുള്ളതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുന്നതിനൊപ്പം പരിപാലന ചെലവും കുറയും. ഒറ്റ ചാർജ്ജിന് 80 മുതൽ 90 കിലോമീറ്റർ വരെയാണ് പ്രതീക്ഷിക്കുന്ന മൈലേജ്. 1.25 ലക്ഷത്തിനും 1.50-നുമിടയിലാവും വില.
ഇ കാർട്ട് വിജയം
മാലിന്യ നിർമാർജ്ജന മേഖല ലക്ഷ്യമിട്ട് കെ.എ.എൽ പുറത്തിറക്കിയ ഇലക്ട്രിക് പിക്ക് അപ്പ് വാനും (ഇ കാർട്ട്) വിജയത്തിലേക്കാണ്. 200 എണ്ണം പുറത്തിറങ്ങി. ഈ വർഷം 1200 എണ്ണം നിർമിക്കും. ഒരു ചാർജിൽ 90 കിലോമീറ്റർ മൈലേജ് കിട്ടുന്ന ഈ പിക്കപ്പ് 300 കിലോ ഭാരം വഹിക്കും. വീടുകളിലും ചാർജിംഗ് സ്റ്റേഷനുകളിലും ഒരുപോലെ ചാർജ് ചെയ്യാം. ഇന്ത്യൻ കമ്പനിയായ ടി.വി.എസ് ല്യൂക്കാസുമായി സഹകരിച്ചാണ് ഇതിന്റെ മോട്ടോർ നിർമിച്ചിട്ടുള്ളത്. ഇന്ത്യൻ നിർമിതമായ ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററികളാണ് ഉപയോഗിച്ചിട്ടുള്ളത്. 2.5 ലക്ഷവും 15 ശതമാനം ടാക്സും ചേരുന്നതാണ് വില. വീതിയും വലിപ്പവും കുറവുള്ള രൂപകൽപ്പനയായതിനാൽ ഇടുങ്ങിയ വഴികളിൽ പോലും കടന്നുചെല്ലാം. മാലിന്യ നീക്കത്തിന് ഇ കാർട്ട് വാങ്ങണമെന്ന നിർദ്ദേശവുമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കെ.എ.എല്ലും തദ്ദേശസ്വയംഭരണ വകുപ്പും കത്തയച്ചിട്ടുണ്ട്. ടെണ്ടറില്ലാതെ ഇ കാർട്ട് വാങ്ങാൻ സർക്കാർ അനുമതിയുണ്ട്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിതരണക്കാരായ സൺലിറ്റ് പവർ പ്രൈവറ്ര് ലിമിറ്റഡ് മുഖേന വാഹനത്തിന് കൂടുതൽ ഓർഡറുകൾ കിട്ടുന്നുണ്ട്.
നഷ്ടം കുറഞ്ഞു
1988 മുതൽ പൂർണമായി പ്രവർത്തിച്ചു തുടങ്ങിയ സ്ഥാപനം 2021-22ൽ 4.25 കോടി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം നഷ്ടം 2.25 ലക്ഷമായി കുറഞ്ഞു. പുതിയ ഉത്പന്നങ്ങൾ കൂടി ഇറങ്ങുന്നതോടെ നഷ്ടം ഇല്ലാതാവുമെന്നാണ് പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ഹൈബ്രിഡ് വാഹനങ്ങളും പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാവിയിൽ ഇത്തരം വാഹനങ്ങൾക്കാണ് പ്രസക്തി. അതുകൂടി വിജയമായാൽ കമ്പനിയെ പഴയ പ്രതാപത്തിലെത്തിക്കാമെന്നാണ് പ്രതീക്ഷ.