ഒന്നാം ക്ളാസ്,​ പ്രീ സ്‌കൂൾ പ്രവേശനം, അൺ എയ്‌ഡഡിൽ 25% സംവരണം ഉറപ്പാക്കണം : ഹൈക്കോടതി

Wednesday 05 April 2023 2:18 AM IST

കൊച്ചി: അൺ എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ളാസ്,​ പ്രീ സ്‌കൂൾ പ്രവേശനത്തിൽ 25 ശതമാനം സീറ്റ് സാമ്പത്തിക - സാമൂഹ്യ പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

വിദ്യാഭ്യാസാവകാശ നിയമത്തിലെ ഈ വ്യവസ്ഥ നടപ്പാക്കാനുള്ള സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഇത് ഉറപ്പാക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു.

പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്കൂൾ പ്രവേശനത്തിന് നിയമപ്രകാരം സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയിലാണിത്.

പ്രവേശന ഫീസ് തടയണം തുടങ്ങിയ ഹർജിയിലെ ആവശ്യങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സാമ്പത്തിക - സാമൂഹ്യ പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന കുട്ടികൾക്ക് അൺ എയ്‌ഡഡ് സ്കൂൾ പ്രവേശനത്തിൽ 25 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന് വിദ്യാഭ്യാസാവകാശ നിയമത്തിലെ സെക്‌ഷൻ 12 (1) (സി) യിൽ പറയുന്നുണ്ട്. ഇതു നടപ്പാക്കാൻ സർക്കാരിനാണ് ബാദ്ധ്യത. 2013ൽ ഇതിനായി സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഭിന്നശേഷി കുട്ടികൾ, അനാഥർ, പഠനവൈകല്യമുള്ളവർ, എച്ച്.ഐ.വി ബാധിതരുടെ മക്കൾ,​ എച്ച്.ഐ.വി ബാധിതരായ കുട്ടികൾ തുടങ്ങിയവരാണ് പ്രതികൂല സാഹചര്യം നേരിടുന്ന ഗണത്തിൽ.

മാർഗ നിർദ്ദേശങ്ങൾ

സംവരണം നൽകുമ്പോൾ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെയും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികളെയും 1:1 എന്ന അനുപാതത്തിൽ പരിഗണിക്കണം

ഏതെങ്കിലും വിഭാഗത്തിൽ കുട്ടികൾ ഇല്ലെങ്കിൽ മറുവിഭാഗക്കാരെ പരിഗണിക്കാം

സംവരണം ലഭിക്കുന്ന കുട്ടികളെ മറ്റു കുട്ടികളിൽ നിന്ന് ഒരുതരത്തിലും വേർതിരിക്കരുത്