സർക്കാരിന്റെ വജ്ര സുവർണ പുരസ്‌കാരം കല്യാൺ സിൽക്‌സിന്
തൃശൂർ: സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ വജ്ര സുവർണ പുരസ്‌കാരം കല്യാൺ സിൽക്‌സിന്. 11 മേഖലകളിലെ സ്ഥാപനങ്ങളാണ് എക്‌സലൻസ് അവാർഡിന് അർഹരായത്. ടെക്‌സ്റ്റൈൽ വിഭാഗത്തിൽ കല്യാൺ സിൽക്‌സ് കണ്ണൂർ ഷോറൂമിനാണ് പുരസ്‌കാരം ലഭിച്ചത്. വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് വജ്ര പുരസ്‌കാരം കല്യാൺ സിൽക്‌സ് പ്രതിനിധി കെ.എം.ശ്രീജിത് ഏറ്റുവാങ്ങി. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിൽ സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി-തൊഴിലുടമ സൗഹൃദം ഉറപ്പാക്കാനും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത്. മികച്ച തൊഴിൽ ദാതാവ്, സംതൃപ്തരായ തൊഴിലാളികൾ, മികവുറ്റ തൊഴിൽ അന്തരീക്ഷം, തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളി ക്ഷേമം, തൊഴിലിടത്തെ സുരക്ഷ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിജയിയെ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മിഷണർ കെ.വാസുകി, വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു