മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ : വിഗ്രഹ ഘോഷയാത്രയും ദിവ്യജ്യോതിപ്രതിഷ്ഠയും നാളെ

Wednesday 05 April 2023 12:21 AM IST

തിരുവല്ല : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ സ്ഥാപിക്കാനുള്ള ദിവ്യജ്യോതി ഇന്ന് ശിവഗിരി മഹാസമാധിയിൽ നിന്ന് കുന്നന്താനം ശാഖാ ഗുരുദേവക്ഷേത്രത്തിൽ എത്തിച്ചേരും. നാളെ രാവിലെ 7.30ന് യൂണിയൻ, ശാഖാ ഭാരവാഹികളുടെയും ശാഖാംഗങ്ങളുടെയും നേതൃത്വത്തിൽ കുന്നന്താനം ശാഖയിൽ നിന്ന് ഘോഷയാത്രയായി മനയ്ക്കച്ചിറയിൽ എത്തിക്കും. കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ വിഗ്രഹം നാളെ രാവിലെ എട്ടിന് ആഞ്ഞിലിത്താനം ശ്രീനാരായണ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി കൺവെൻഷൻ നഗറിൽ എത്തിക്കും. പടിഞ്ഞാറ്റുശ്ശേരി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് നാളെ രാവിലെ 8.30ന് തൃക്കൊടി എഴുന്നള്ളിപ്പും 8.45ന് കൊടിക്കയർ കിഴക്കൻമുത്തൂർ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും 9ന് കൊടിമര ഘോഷയാത്ര കവിയൂർ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ കൺവെൻഷൻ നഗറിൽ എത്തിച്ചേരും. വിവിധ കേന്ദ്രങ്ങളിൽ നിന്ന് മനയ്ക്കച്ചിറയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ താലപ്പൊലിയോടെ കൺവെൻഷൻ നഗറിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ദിവ്യജ്യോതി പ്രതിഷ്ഠ നടത്തും. 9.30ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും. തുടർന്ന് ശ്രീനാരായണ ഗുരുവിന്റെ ആത്‌മീയ മണ്ഡലം എന്ന വിഷയത്തിൽ സ്വാമിയുടെ പ്രഭാഷണം നടക്കും. 11ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.