സുരക്ഷയില്ലാതെ മാതൃകാ സുരക്ഷ ഇടനാഴി, ഭയം നിറയുന്ന വഴി
പന്തളം : എം.സി റോഡിൽ അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗം മാതൃകാ സുരക്ഷാ ഇടനാഴിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ കാര്യങ്ങൾ അത്ര മാതൃകാപരമല്ല. ഓടയുടെ മുകളിൽ സ്ലാബ് ഇടുന്നതടക്കമുള്ള പണികൾ പൂർത്തീകരിക്കാനുണ്ട്. ഇവിടെ അപകടമൊഴിഞ്ഞ ദിവസം ഇല്ല. പറന്തലിനും മാന്തുകയ്ക്കും ഇടയിൽ ചില ദിവസങ്ങളിൽ ഒന്നു മുതൽ എട്ട് വരെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി ജീവനുകൾ പൊലിഞ്ഞു. പലർക്കും ഗുരുതരമായി പരിക്കേറ്റു. മൂടി ഇല്ലാത്ത ഒാടയിൽ വാഹനങ്ങൾ പെടുന്നതും പതിവാണ്.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് മാന്തുകയിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെട്ടു. രാതി 12 ഓടെ കുരമ്പാല ഇടയാടി സ്‌കൂളിന് സമീപം തൃശൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോയ കാർ ഓടയിലേക്ക് മറിഞ്ഞു.
സുരക്ഷ ഇടനാഴി ഇങ്ങനെ
2020 സെപ്തംബർ 11ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആണ് സുരക്ഷാ ഇടനാഴിയുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്. 20.74 കിലോമീറ്റർ നീളത്തിൽ നടപ്പാത, ഓട നിർമ്മാണം, 15 കിലോ മീറ്റർ പെഡെസ്ടിയൻ ഗാർഡ് റെയിൽ, 6.7 കിലോ മീറ്റർ ക്രാഷ് ബാരിയർ, 1.14 കിലോ മീറ്റർ സംരക്ഷണഭിത്തി, പന്തളം വലിയ പാലത്തിന്റെയും 3 ചെറിയ പാലങ്ങളുടെയും പുനരുദ്ധാരണം, 44 കലുങ്കുകളുടെ നിർമ്മാണം, 20 കലുങ്കുകളുടെ പുനരുദ്ധാരണം, 19 പ്രധാന ജംഗ്ഷനുകളുടെയും 72 ചെറിയ ജംഗ്ഷനുകളുടെയും നവീകരണം, സുരക്ഷയ്ക്കായുള്ള റോഡ് മാർക്കിംഗുകൾ, ദിശാ സൂചനാ ബോർഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ എന്നിവയാണ് പദ്ധതിയിലുണ്ടായിരുന്നത്.
പദ്ധതി പതിരായി
അപകടരഹിതമായ വഴിയൊരുക്കാൻ വിശദമായ പദ്ധതിയാണ് തയ്യാറാക്കിയതെങ്കിലും പലതും നടന്നില്ല. പഴയ കലുങ്കുൾ പൊളിച്ച് വീതികൂട്ടി പണിതില്ല. പലതും ചായം പൂശലിൽ ഒതുങ്ങി. റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ ഓടയും കാണാൻ കഴിയുകയില്ല. അമ്പലത്തിനാൽ ചൂര, കുരമ്പാല എസ്.ബി.ഐയ്ക്ക് മുൻവശം ,മൈനാപ്പള്ളി ജഗ്ഷൻ എന്നിവിടങ്ങളിലെ പഴയ കലുങ്കുകൾ പൊളിച്ച് വീതി കൂട്ടി പണിയണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. ഈ ഭാഗങ്ങളിൽ റോഡിന് വീതിയുണ്ടെങ്കിലും കലുങ്ക് ചെറുതായതിനാൽ ഇതിൽ ഇടിച്ചാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഏറെ തിരക്കുള്ള എം.എം ജംഗ്ഷനിൽ ഓട പൂർണ്ണമായി പണിതു മൂടി സ്ഥാപിച്ചില്ല. മഴക്കാലത്ത് കടകളിലേക്ക് വെള്ളം കയറുകയാണ്.
കെ.എസ്.ടി.പിയുടെ എം.സി റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ് മാതൃകാ സുരക്ഷാ ഇടനാഴി. ഇതിന്റെ കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള 78.65 കിലോമീറ്റർ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള 23.8 കിലോമീറ്റർ ഭാഗമാണ് 98.1 കോടി രൂപ ചെലവിൽ നവീകരിച്ചത്.
കെ.എസ്.ടി.പി ഒന്നാംഘട്ടം നിർമ്മാണം നടത്തിയപ്പോൾ പറന്തൻ മുതൽ കുളനട വരെ റോഡിന്റെ നിർമ്മാണത്തിന് വേണ്ടി അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പൊന്നുംവില നൽകിയ പലസ്ഥലങ്ങളും റോഡിന്റെ നിർമ്മാണത്തിന് എടുത്തില്ല.
കുരമ്പാലയിൽ ഇങ്ങനെ സ്ഥലം എടുക്കാതെ പണിയുന്നത് അന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.