ട്രെയ്നുകളിൽ സുരക്ഷ വർദ്ധിപ്പിക്കും ആശ്വാസമാകുമോ നടപടി?
കോഴിക്കോട്: അപകടങ്ങൾ നടക്കുമ്പോൾ മാത്രം സുരക്ഷ വർദ്ധിപ്പിക്കുന്ന നടപടി എത്ര നാളത്തേക്ക് എന്നാണ് ജനം ചോദിക്കുന്നത്. ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ സുരക്ഷ കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് റെയിൽവേ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിക്കുമെന്നാണ് ആർ.പി.എഫ് ഐ.ജി ടി.എം ഈശ്വരറാവു കഴിഞ്ഞ ദിവസം പറഞ്ഞത്. ചെറിയ സ്‌റ്റേഷനുകളിൽ അടക്കം കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ട്രെയിനുകളിലും കാമറകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ജീവനക്കാരുടെ ക്ഷാമമുള്ളതിനാൽ ജീവനക്കാരുടെ കുറവ് സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം നടത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകളും സ്ഥാപിക്കും എന്നാൽ ഇത് എത്ര നാളത്തേക്കാണെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
കുതിച്ചു പായുന്ന തീവണ്ടി 'തീ' വണ്ടിയായിട്ടും സുരക്ഷയിപ്പോഴും ട്രാക്കിന് പുറത്താണ്. യാത്ര തീവണ്ടി ഓടി തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും സുരക്ഷയെന്നത് വെറും സ്വപ്നം മാത്രമാണെന്നാണ് യാത്രക്കാർ പറയുന്നത്. കവർച്ച ഭിക്ഷാടന സംഘങ്ങളും ടിക്കറ്റെടുക്കാതെയുള്ള വിരുതന്മാരും യഥേഷ്ടം കയറിയിറങ്ങുകയാണ് ഒരോ മിനിറ്റിലും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ട്രെയിനിലെ സുരക്ഷാ വീഴ്ചകൾ തുടരുകയാണ്.
ആക്രമങ്ങൾ പെരുകുന്നു,
യാത്രക്കാരെ മയക്കി കിടത്തിയുള്ള കവർച്ചയും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമവും മാറ്റമില്ലാതെ തുടരുകയാണ്. വരുമാനം വർധിപ്പിക്കാൻ റെയിൽവേ കാണിക്കുന്ന ശുഷ്‌ക്കാന്തി യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ ഒട്ടും തന്നെയില്ല. അത്യാധുനികത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ റെയിൽവേയ്ക്ക് സാധിക്കും. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 42370 കോടിയുടെ അധിക വരുമാനമാണ് റെയിൽവേ നേടിയത്. കഴിഞ്ഞ വർഷം യാത്രക്കാരിൽ നിന്ന് മാത്രം 48913 കോടി രൂപയാണ് നേടിയതെന്നാണ് റെയിൽവേ പുറത്തു വിട്ട കണക്കുകളിൽ പറയുന്നത്.
ഏങ്ങുമെത്താതെ ട്രെയിനിലെ കാമറ പദ്ധതി
തൃശൂരിൽ സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ ശേഷമാണ് എല്ലാ ട്രെയിനികളിലും കാമറ പദ്ധതി തയ്യാറാക്കിയത്. മുഴുവൻ ട്രെയിനുകളിലും 9000 സ്‌റ്റേഷനുകളിലുമായി 12ലക്ഷം കാമറകൾ ഘടിപ്പിക്കാനായിരുന്നു പദ്ധതി. എസി കോച്ചുകളിൽ ഉൾപ്പെടെ ഒരോ കോച്ചിലും എട്ട് കാമറകൾ. വാതിലുകളും ഇടനാഴികളും പരിധിയിൽ വരുന്ന തരത്തിലായിരുന്നു ക്രമീകരണം. എന്നാൽ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലേ നടപ്പായുള്ളൂ. മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ വനിതകൾക്കെതിരേ അതിക്രമം വർധിച്ചപ്പോൾ അവിടെ എല്ലാ കോച്ചുകളിലുമായി ആയിരത്തോളം കാമറ ഘടിപ്പിച്ചു.
@ മേരി സഹേലിയും പാളംതെറ്റി
ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണിത്. ആർ പി എഫിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ട്രെയിൻ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് ആർ പി എഫിന്റെ വനിതാ സംഘം ട്രെയിനിൽ കയറും. ഇതിനായി പതിനേഴ് സംഘങ്ങളും റെയിൽവേ രൂപീകരിച്ചിരുന്നു. എന്നാൽ കൊവിഡ് കാലത്ത് ഈ പദ്ധതിയും അവതാളത്തിലായി. കോച്ചുകളിൽ അപകട സാഹചര്യങ്ങളിൽ അപായ സന്ദേശം നൽകാൻ യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള പാനിക് ബട്ടൺ സംവിധാനവും ഓഫ് മൂഡിലാണ്. സി സി ടി വികളും ഫയർ എക്സിറ്റിങ്ങ് ക്യൂഷുകളും സ്ഥാപിക്കണമെന്നുമുള്ള ആവശ്യം പല തവണ ഉയർന്നുവന്നെങ്കിലും ഇതുവരെ റെയിൽവേ അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ല. ഇനിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.