വേനൽ മഴയ്ക്കൊപ്പം ചുഴലിക്കാറ്റ്: റബർ മരം ഒടിഞ്ഞുവീണ് വൃദ്ധ മരിച്ചു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കൊട്ടാരക്കരയിൽ വ്യാപകനാശം
കൊട്ടാരക്കര: കനത്ത വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കൊട്ടാരക്കരയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം. റബർ മരം ഒടിഞ്ഞുവീണ് ഇഞ്ചക്കാട് മംഗലത്തുവീട്ടിൽ ലളിതാകുമാരി (67) മരിച്ചു. മരങ്ങൾ ട്രാക്കിലേക്ക് കടപുഴകിയും വൈദ്യുതി നിലച്ചും ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
വീട്ടുപറമ്പിൽ നിന്ന റബർ മരം ഒടിഞ്ഞുവീണാണ് ലളിതകുമാരി മരിച്ചത്. സാരമായി പരിക്കേറ്റ ലളിതാകുമാരിയെ സമീപവാസികൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ അവിവാഹിതയാണ്.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലും ആവണീശ്വരത്തിനും ഇടയിലാണ് മരങ്ങൾ ട്രാക്കിൽ വീണത്. കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും പോകേണ്ടിയിരുന്ന മെമു ട്രെയിൻ റദ്ദാക്കി. മധുര, ഗുരുവായൂർ ട്രെയിനുകൾ പുനലൂരിൽ പിടിച്ചിട്ടു. മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം വൈകിയാണ് ട്രെയിനുകൾ പുറപ്പെട്ടത്.
ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധവും തകരാറിലായി. കാർഷിക വിളകൾക്കും വ്യാപക നാശം നേരിട്ടു. ഇടിമിന്നലിൽ ഇലക്ട്രോണിക് സാധനങ്ങൾക്ക് നാശം നേരിട്ടു.
മൈലം 12, കലയപുരം 15, കൊട്ടാരക്കര രണ്ട്, കുളക്കട ഒന്ന്, കോട്ടുക്കൽ രണ്ട്, ചടയമംഗലം ഒന്ന് എന്നീ ക്രമത്തിലാണ് വീടുകൾ തകർന്നത്.
പെരുംകുളത്ത് മാത്രം ഏഴായിരത്തിലധികം ഏത്തവാഴ, നാനൂറ്റിയൻപത് വാഴ, അയ്യായിരത്തോളം മരച്ചീനി എന്നിവയും നശിച്ചു. നടുവത്ര, പീലിക്കോട്, പെരുംകുളം ഏലകളിലും കൃഷിനാശമുണ്ടായി. കുന്നത്ത് പ്ലാവിള സുരേഷ്, കോയിപ്പുറത്ത് വിജയൻ പിള്ള , ആനയടി തുളസീധരൻ പിള്ള, കൃഷ്ണ വിലാസം മോഹൻ കുമാർ, രജനീ ഭവനം ചന്ദ്രശേഖരൻ പിള്ള, ആദിച്ചൻ പാലവിള, അജിതാ ഭവനം അപ്പുക്കുട്ടൻ നായർ, ഉദയഭവനം ഉദയ ശങ്കർ എന്നിവരുടെ കാർഷിക വിളകളും നശിച്ചു. തകർന്ന വീടുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ സന്ദർശിച്ചു.
തൃക്കണ്ണമംഗലിൽ കാറ്റിന്റെ
സംഹാര താണ്ഡവം
തൃക്കണ്ണമംഗൽ പ്രദേശത്ത് ഇടിയോട് കൂടിയ മഴയ്ക്കൊപ്പം കാറ്റും സംഹാര താണ്ഡവമാടി. തൃക്കണ്ണമംഗൽ ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. മറ്റൊരു പോസ്റ്റ് ചരിഞ്ഞു. കഴകപ്പുരയിൽ രാജേഷിന്റെ വസ്തുവിൽ നിന്ന മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണു. വിജയ് നഗർ ആനേഴികത്ത് ലെയിനിൽ പോസ്റ്റ് രണ്ടായി ഒടിഞ്ഞ് ലൈൻ പൊട്ടി റോഡിൽ വീണു. കൂടാതെ മരങ്ങൾ റോഡിൽ വീണ് ഗതാഗതവും തടസപ്പെട്ടു. ചരുവിളയിലും ചെട്ടിമൂട്ടിലും മരങ്ങൾ കടപുഴകി. ഐ.പി.സി ചേരൂർ ലെയിനിൽ ഫെയ്ത്തു ഹോമിന്റെ മേൽക്കൂര നശിച്ചു. ലക്ഷ്മിപുരത്ത് വത്സലയുടെ തെങ്ങ് ഒടിഞ്ഞുവീണ് ഗേറ്റ് തകർന്നു, ചരുവിള തങ്കച്ചൻ പണിക്കർ, നെടിയവിള ജോയി, തട്ടയക്കാട് സുനിൽ ജോൺ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണു. തൃക്കണ്ണമംഗൽ അമ്പലം ജംഗ്ഷനിൽ മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് നിലംപൊത്തി. റോഡും വെള്ളക്കെട്ടായി. മരങ്ങളും മറ്റും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് വെട്ടിമാറ്റി.