കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി എം.ബി.എ വിദ്യാർത്ഥി പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി എം.ബി.എ വിദ്യാർത്ഥി പൊലീസ് പിടിയിലായി. നെടുവത്തൂർ, കോട്ടാത്തല, അമൽവിഹാറിൽ അമൽ ലാലിനെയാണ് (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ കരുനാഗപ്പള്ളി പട തെക്ക് ബസ് സ്റ്റോപ്പിൽ നിന്ന് കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പിടികൂടിയത്. ബംഗളൂരുവിൽ എം.ബി.എ വിദ്യാർത്ഥിയാണ് അമൽ. ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ വാങ്ങി നൽകുന്ന ഏജന്റായി പ്രവർത്തിക്കുന്ന ഇയാൾ വിദ്യാർത്ഥികളുമായി ബന്ധം സ്ഥാപിച്ച് ലഹരിക്ക് അടിമയാക്കുകയും ഇവരെ ഉപയോഗിച്ച് ലഹരി വസ്തുക്കൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയുമായിരുന്നു. ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ കൊല്ലം സിറ്റി ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. വസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ച നിലയിൽ 3.66 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
കരുനാഗപ്പള്ളി അസി. കമ്മിഷണർ വി.എസ്.പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ തോമസ്, ശരത്ചന്ദ്രപ്രസാദ്, എസ്.സി.പി.ഒമാരായ രാജീവ്, പ്രമോദ് എന്നിവരും സ്‌പെഷ്യൽ ബ്രഞ്ച് എസ്.ഐ ആർ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.