കശുഅണ്ടി തൊഴിലാളി ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം
കൊല്ലം: കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്കുള്ള വർദ്ധിപ്പിച്ച ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി.
കശുഅണ്ടി തൊഴിലാളികളുടെ മക്കളിൽ 2021-22 അദ്ധ്യയനവർഷത്തിൽ ബി.എ (സംസ്‌കൃതം) ഒന്നാം റാങ്ക് നേടിയ ഐ.എം.അഞ്ജലി, എം.എ (മലയാളം) രണ്ടാം റാങ്ക് നേടിയ ആർ.ശ്രീലക്ഷ്മി, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എ.അനന്ദു എന്നിവർക്കുള്ള കാഷ് അവാർഡ് വിതരണം കെ.എസ്.സി.ഡി.സി ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. കിലെ സിവിൽ സർവീസ് അക്കാഡമിയിലെ പരിശീലനം പൂർത്തിയാക്കിയ ടി.വിഷ്ണുവിനുള്ള ധനസഹായ വിതരണം കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപിള്ള നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള അംശാദായ വിതരണോദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് നിർവഹിച്ചു.
ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. മുരളി മടന്തകോട്, അഡ്വ. ജി.ലാലു, അഡ്വ. ശൂരനാട് ശ്രീകുമാർ, കെ.എസ്.വേണുഗോപാൽ, കശുഅണ്ടി ക്ഷേമനിധി ബോർഡ് ഡയറക്ടർമാരായ അയത്തിൽ സോമൻ, കുന്നത്തൂർ ഗോവിന്ദപിള്ള, ജി.വേണുഗോപാൽ, ശ്രീജ ഷൈജുദേവ്, ബാബു ഉമ്മൻ, ഡി. ലാൽ എന്നിവർ സന്നിഹിതരായിരുന്നു. കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.സുഭഗൻ സ്വാഗതവും ബോർഡ് ചീഫ് എക്‌സി. ഓഫീസർ എ.ബിന്ദു നന്ദിയും പറഞ്ഞു.