കേരള ജനതയുടെ സമ്പത്ത് കേരളത്തിനുള്ളിൽ നിൽക്കണം: വെള്ളാപ്പള്ളി നടേശൻ
കൊല്ലം: കേരള ജനതയുടെ സമ്പത്ത് കേരളത്തിനുള്ളിൽ തന്നെ നിലനിൽക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊല്ലം എസ്.എൻ കോളേജിലെ നവീകരിച്ച സുവോളജി മ്യൂസിയത്തിന്റെയും സംസ്ഥാന സർക്കാരിന്റെ കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ കോളേജിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്‌മെന്റ് ഡ്രൈവിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മീകച്ച ജീവിത സാഹചര്യമാണ് എല്ലാവരുടെയും സ്വപ്നം. അതിന് മെച്ചപ്പെട്ട ജോലിയും സമ്പത്തും വേണം. കേരളത്തിലെ വിദ്യാർത്ഥികളിൽ വലിയൊരു ഭാഗം പഠനത്തിനായും തൊഴിൽ തേടിയും വിദേശത്തേക്ക് പോവുകയാണ്. ഇങ്ങനെ കേരളത്തിന്റെ സമ്പത്തിന്റെ വലിയൊരുഭാഗം വിദേശത്തേക്ക് പോകുന്നു. സംസ്ഥാന സർക്കാരിന്റെ പ്ലേസ്‌മെന്റ് ഡ്രൈവിലൂടെ ഈ സ്ഥിതി മാറ്റി യുവാക്കൾക്ക് മികച്ച തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എസ്.എൻ കോളേജുകളിൽ പഠിക്കാൻ വരുന്നത് പാവപ്പെട്ട വിദ്യാർത്ഥികളാണ്. അതിലേറെയും പട്ടികജാതിക്കാരും പിന്നാക്കക്കാരുമാണ്. അവർക്ക് മികച്ച വിജയം സമ്മാനിക്കാൻ അദ്ധ്യാപകർ കൂട്ടായ യജ്ഞം നടത്തണം. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് കോളേജിലെ സുവോളജി മ്യൂസിയം നവീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ. തറയിൽ അദ്ധ്യക്ഷയായി. സുവോളജി വിഭാഗം മേധാവി ഡോ. ബി.ടി.സുലേഖ, കെ.കെ.ഇ.എം പ്രോഗ്രാം മാനേജർ പി.അനൂപ് എന്നിവർ ആശംസ നേർന്നു. കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി ശ്രീനാരായണ എംപ്ലോയീസ് ഫാറത്തിന്റെ സംഭാവനയായ രണ്ട് ലക്ഷം രൂപ കോ ഓഡിനേറ്റർ പി.വി.രജിമോൻ, കേന്ദ്ര സമിതി പ്രസിഡന്റ് എസ്.അജുലാൽ, ട്രഷറർ ഡോ. എസ്.വിഷ്ണു, കൊല്ലം യൂണിയൻ സെക്രട്ടറി ഡോ. ശില്പ, എസ്.എൻ കോളേജ് യൂണിറ്റ് വൈസ് ചെയർമാൻ ഡോ. എം.എസ്.ബിജു, എന്നിവർ ചേർന്ന് വെള്ളാപ്പള്ളി നടേശന് കൈമാറി. സ്റ്റാഫ് സെക്രട്ടറി ഡോ. എം.എസ്.ബിജു പ്രാർത്ഥന ചൊല്ലി. ഐ.ക്യു.എ.സി കോ ഓഡിനേറ്റർ ഡോ. എസ്.വി.മനോജ് സ്വാഗതവും കണക്ട് കരിയർ ടു കാമ്പസ് നോഡൽ ഓഫീസർ ഡോ. ലത സദാനന്ദൻ നന്ദിയും പറഞ്ഞു.