അക്വേറിയം ആൻഡ് പെറ്റ് അസോസിയേഷൻ ധർണ
കൊല്ലം: അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് മേഖലയിൽ സ്വയം തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നവരുടെ സംഘടനയായ അക്വേറിയം ആൻഡ് പെറ്റ് അസോസിയേഷന്റെ (എ.പി.എസ്.എ) നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് തേവള്ളിയിലുള്ള സംസ്ഥാന മത്സ്യ വിത്ത് കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പെറ്റ് ഷോപ്പ് റൂളും സംസ്ഥാന സർക്കാരിന്റെ സീഡ് ആക്ടും നടപ്പിലാക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. ഇവ നടപ്പാക്കിയാൽ പൂർണമായും ഈ തൊഴിൽ മേഖല ഇല്ലാതാകും. സീസണും പുതിയ ഇനങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നതും അനുസരിച്ച് വിവിധ തരം മത്സ്യങ്ങളെ വില്പന നടത്തുന്ന ഷോപ്പുകളിൽ ഫിഷറീസ് വകുപ്പ് അനുവദിക്കുന്ന നിശ്ചിത പേരുകൾ ഉള്ള ലൈസൻസ് കൊണ്ട് വ്യാപാരം തുടരാൻ കഴിയില്ല. ലിസ്റ്റിലുള്ള മത്സ്യങ്ങളല്ലാതെ വില്പന നടത്തിയാൽ ഭീമമായ പിഴ ചുമത്തുമെന്നും അതുകൊണ്ട് ആക്ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സെക്രട്ടറി പി.രാജേഷും പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണിയും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.