പുന്നല കോഴിപ്പാലം തകർന്നു
പുനലൂർ: പുന്നലയിൽ കനാലിന് കുറുകെയുള്ള കോഴിപ്പാലം തകർന്നു. കനാലിനക്കരെയുള്ള 40 കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ. കല്ലട ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായുള്ള വലതുകര കനാലിന് കുറുകെയുള്ള പാലമാണ് തകർന്നത്. പുന്നല വാർഡിലെ നായ്ക്കരിമ്പ് മേഖലയിൽ നിന്ന് മൈക്കണ്ണായിലേക്ക് വരുന്നതിനുള്ള ജനങ്ങളുടെ ഏക ആശ്രയമായിരുന്നു പാലം. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് പാലത്തിന്റെ മദ്ധ്യഭാഗം ഒടിഞ്ഞ് കനാലിലേക്ക് വീണത്. ആളപായമുണ്ടായില്ല. തെന്മല ഡാം തുറന്ന് വിട്ടിരിക്കുന്നതിനാൽ കനാലിൽ നിറയെ വെള്ളവുമുണ്ട്. 38 വർഷത്തിലധികം പഴക്കമുള്ള പാലം അറ്റകുറ്റപണികളില്ലാത്തതിനാലാണ് തകർന്നത്.കനാലിന്റെയൊ പാലങ്ങളുടെയൊ അറ്റകുറ്റപണികളോ കാടുതെളിക്കലോ ഒന്നും ഇക്കുറി നടത്തിയിരുന്നില്ല. പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി റവന്യൂ വകുപ്പോ കെ.ഐ.പിയോ അടിയന്തരമായി താത്കാലിക പാലം നിർമ്മിച്ച് പ്രദേശവാസികളുടെ ദുരിതം ഒഴിവാക്കണമെന്ന് പിറവന്തൂർ ഗ്രാമപഞ്ചായത്തംഗം പുന്നല ഉല്ലാസ് കുമാർ ആവശ്യപ്പെട്ടു.