726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിക്കും

Wednesday 05 April 2023 2:10 AM IST

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാൻ എം.സി റോഡിലും ദേശീയ പാതയിലുമായി സ്ഥാപിച്ചിട്ടുള്ള 726 നിർമ്മിത ബുദ്ധി കാമറകൾ 20 മുതൽ പ്രവർത്തിച്ചു തുടങ്ങും. കാമറകളുടെ പരീക്ഷണ പ്രവർത്തനം വിജയകരമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കാമറകൾ ഉദ്ഘാടനം ചെയ്യും.

കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ 131 സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം. സ്‌മാർട്ട് ആർ.സി ബുക്കിന്റേയും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് കാർഡിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഒന്നാം പിണറായി സർക്കാരിന്റെ അവസാന സമയത്താണ് നിർമ്മിത ബുദ്ധി കാമറകൾ സ്ഥാപിച്ചത്. സാങ്കേതിക പൊരുത്തം ഇല്ലാത്തതിനാൽ ഇവ കൺട്രോൾ റൂമുമായി കണക്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. കാമറകൾ നോക്കുകുത്തിയായി. പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തത് മുതൽ സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തത് വരെയുള്ള ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമ്മിത ബുദ്ധി കാമറകൾക്ക് കഴിയും.