അഡ്വ. സൈബിക്കെതിരായ കേസ്: അന്വേഷണം വേഗം തീർക്കണമെന്ന് ഹൈക്കോടതി

Wednesday 05 April 2023 2:11 AM IST

കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻതുക വാങ്ങിയെന്ന കേസിന്റെ അന്വേഷണം വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കാൻ അഡ്വ. സൈബി നൽകിയ ഹർജിയിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്താണ് ഇതു പറഞ്ഞത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. കേസിൽ ഇതുവരെ 137 പേരുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലം ലഭിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. ഹർജി മദ്ധ്യവേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.