മധു പഠിച്ചത് മരപ്പണി; അലഞ്ഞുതിരിഞ്ഞ് ജീവിതം

Wednesday 05 April 2023 2:12 AM IST

മണ്ണാർക്കാട്: അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസിൽ വച്ച് പഠിപ്പ് ഉപേക്ഷിച്ചു. പിന്നീട് സംയോജിത ഗോത്ര വികസന പദ്ധതിയുടെ ഭാഗമായി പാലക്കാട് നിന്ന് മരപ്പണിയിൽ പരിശീലനം നേടി. തുടർന്ന് ജോലിക്കായി ആലപ്പുഴയിലേക്ക് പോയി. അവിടെ വച്ച് ഒരു സംഘർഷത്തിൽ പെടുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

പിന്നീട് മനോനില തെറ്റിയ മധുവിന് പഴയ ജീവിതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. നാട്ടിൽ മടങ്ങിയെത്തിയ മധു ഉൾക്കാടുകളിൽ അലഞ്ഞുനടക്കാൻ തുടങ്ങി. കാട്ടിലേക്ക് കയറുന്നതും ഗുഹകളിൽ താമസിക്കുന്നതും പതിവായി. സരസു,​ചന്ദ്രിക എന്നിവരാണ് മധുവിന്റെ സഹോദരങ്ങൾ. സരസു നേരത്തെ അങ്കണവാടി ജീവനക്കാരിയായിരുന്നു. ചന്ദ്രിക പൊലീസ് ഉദ്യോഗസ്ഥയാണ്.