ട്രെയിൻ സുരക്ഷ പാഴ് വാക്കായി
തിരുവനന്തപുരം: സൗമ്യയെ എറണാകുളം- ഷൊർണൂർ പാസഞ്ചറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിനു പിന്നാലെ ട്രെയിൻ സുരക്ഷ ശക്തമാക്കാൻ സർക്കാരും റെയിൽവേയും പ്രഖ്യാപിച്ച പദ്ധതികളിൽ പലതും പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പായില്ല.
2011 ഫെബ്രുവരി ഒന്നിന് വള്ളത്തോൾ നഗർ സ്റ്റേഷനിലായിരുന്നു സൗമ്യ കൊല്ലപ്പെട്ടത്.
ദിനംപ്രതി ആയിരത്തിലധികം ട്രെയിനുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. രണ്ട് ഡസനിലധികം കോച്ചുകളുള്ള ട്രെയിനിൽ നാല് പൊലീസുകാരെങ്കിലും വേണ്ടിടത്ത് ഒരാൾ പോലുമുണ്ടാകാറില്ല. തിരുവനന്തപുരം മുതൽ മംഗലാപുരം വരെയോ പാലക്കാട് വരെയോയുള്ള സർവീസിനിടെ ഒന്നോ രണ്ടോ സ്റ്റേഷനുകൾക്കിടയിൽ കാക്കിധാരികൾ പട്രോളിംഗ് നടത്തി മടങ്ങുന്നതാണ് നിലവിലെ രീതി.
സംസ്ഥാന പൊലീസിന്റെ ഭാഗമായുള്ള റെയിൽവേ പൊലീസിൽ എസ്.പി ഉൾപ്പെടെ 654 പേരുണ്ട്. മുന്നൂറോളം പേരാണ് ഓരോ ദിവസവും ഡ്യൂട്ടിക്കുണ്ടാകുക. പന്ത്രണ്ട് മണിക്കൂർ വരെ നീളുന്ന ഡ്യൂട്ടി കഴിഞ്ഞാൽ അടുത്തദിവസം വിശ്രമമാണ്. പാറാവ്, കോടതി ഡ്യൂട്ടി, കേസ് അന്വേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമ്പതിലധികം പേർ മറ്റ് ഡ്യൂട്ടികളിലാകും.
സൗമ്യവധത്തിനുശേഷം റെയിൽവേ പൊലീസിൽ 200 തസ്തികകൾ കൂടി സൃഷ്ടിച്ചെങ്കിലും ശമ്പളച്ചെലവിൽ പകുതി വഹിക്കേണ്ട റെയിൽവേ ബോർഡ് ആകെയുള്ള 654ൽ 484 തസ്തികകളാണ് അംഗീകരിച്ചത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനോ ആളെ നിയമിക്കാനോ സർക്കാരും തയ്യാറായില്ല. റെയിൽവേ പൊലീസും ആർ.പി.എഫും സഹകരിച്ചാണ് ട്രെയിനുകളിലെ ഡ്യൂട്ടി നോക്കുന്നത്. ആർ.പി.എഫ് സംരക്ഷണമില്ലാത്ത ട്രെയിനുകളിലാണ് കേരള പൊലീസിന്റെ കാവൽ. സൗമ്യ സംഭവത്തിനുശേഷവും പാസഞ്ചർ ട്രെയിനുകളിൽ രാത്രിയിൽപ്പോലും പൊലീസ് സാന്നിദ്ധ്യമില്ല. വനിതാ പൊലീസിന്റെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും രാത്രിഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കാറില്ല. ഇവരിൽ പലർക്കും ഓഫീസ് ചുമതലകളിലാണ് താല്പര്യം. എക്സ്‌പ്രസ് ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിൽ മാത്രമേ പൊലീസുകാർ കാണൂ. ജനറൽ കോച്ചുകളിലേക്ക് തിരിഞ്ഞുനോക്കാറേയില്ല. രാത്രിസർവീസ് നടത്തുന്ന എക്സ്‌പ്രസ് ട്രെയിനുകളിലുൾപ്പെടെ ജനറൽ കോച്ചുകളിൽ മദ്യപൻമാരുടെ വിളയാട്ടമാണ്. റെയിൽ അലർട്ടിൽ യാത്രക്കാർ വിവരം അറിയിച്ചാലും ജനറൽ കോച്ചുകൾ പ്രത്യേകമായതിനാൽ പൊലീസുകാർക്ക് നേരിട്ട് കടക്കാൻ കഴിയില്ല. ഏതെങ്കിലും സ്റ്റോപ്പിൽ ട്രെയിൻ നിറുത്തിയാൽ മാത്രമേ പൊലീസ് സഹായം ലഭിക്കൂ.
കോഴിക്കോട് സംഭവത്തിന്ശേഷം സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ശക്തമാക്കാൻ പൊലീസിനും റെയിൽവേ പൊലീസിനും നിർദേശമെത്തിയെങ്കിലും
എല്ലാ ട്രെയിനുകളിലും നിയോഗിക്കാൻ ആവശ്യമായ പൊലീസില്ല.
നടപ്പാക്കാത്ത ശുപാർശകൾ
1. എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി നിരീക്ഷണവും
ലഗേജ് സ്കാനറും
2.ട്രെയിനുകളിൽ സി.സി.ടി.വി നിരീക്ഷണം (രാജധാനി എക്സ്‌പ്രസിൽ മാത്രമാണ് കാമറയുള്ളത്)
3. ട്രെയിനുകളിൽ കട്ട് കോച്ച് ഒഴിവാക്കണം
5. എല്ലാ ട്രെയിനുകളിലും പൊലീസ് സുരക്ഷ
#കേരളത്തിലെ റെയിൽവേ
സ്റ്റേഷനുകൾ: 184
പാത: 1027 കി.മീ.
പൊലീസ് സ്റ്റേഷൻ- 13
ആർ.പി.എഫ് സ്റ്റേഷൻ -15
ആർ.പി.എഫ് അംഗസംഖ്യ (തിരു.ഡിവിഷൻ)-450
റെയിൽ അലർട്ട് നമ്പർ-9846200100. 112.