മധു കൊലക്കേസ് വിധി ആശ്വാസകരം: വി.ഡി. സതീശൻ
Wednesday 05 April 2023 2:20 AM IST
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിന്നാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതിവിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയെയും സഹോദരിയെയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല.
മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്തു നിറുത്തുന്നുവെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു.