മധുവധം: പ്രതികളും കുറ്റവും

Wednesday 05 April 2023 2:21 AM IST

ഒന്നാംപ്രതി ഹുസൈൻ:

മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിലെത്തിച്ചപ്പോൾ ഹുസൈൻ നെഞ്ചിൽ ചവിട്ടി. ഇതോടെ മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ച് വീണ് മാരക പരിക്കേറ്റു. ഹുസൈന്റെ കടയിൽ നിന്ന് മധു സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

രണ്ടാംപ്രതി മരയ്ക്കാർ:

മധു മുക്കാലിയിൽ നിന്ന് നാലുകിലോമീറ്ററോളം ഉള്ളിലായി അജുമുടി കാട്ടിലെ ഗുഹയിൽ ഉണ്ടെന്ന വിവരം 19-ാം സാക്ഷി കക്കി മൂപ്പനിൽ നിന്നറിഞ്ഞ് മറ്റ് പ്രതികൾക്കൊപ്പം വണ്ടിക്കടവിലെത്തി. അവിടെ നിന്ന് വനത്തിൽ അതിക്രമിച്ചു കയറി മധുവിനെ പിടികൂടുന്നതിന് നേതൃത്വം നൽകി.

മൂന്നാംപ്രതി ഷംസുദ്ദീൻ:

സംഘാംഗമായ ഷംസുദ്ദീൻ ഉൾക്കാട്ടിൽ വച്ച് ബാഗിന്റെ സിബ് കീറി മധുവിന്റെ കൈകെട്ടി വടികൊണ്ട് പുറത്തടിച്ചു. ഇതേത്തുടർന്നാണ് മധുവിന്റെ ഇടതുവശത്തെ രണ്ടാമത്തെ വാരിയെല്ല് പൊട്ടിയത്. മധു രക്ഷപ്പെടാതിരിക്കാൻ കൈയിലെ കെട്ടിൽ പിടിച്ച് നടത്തി.

അഞ്ചാംപ്രതി രാധാകൃഷ്ണൻ:

രാധാകൃഷ്ണനാണ് കാട്ടിൽ കയറി പിടികൂടിയ മധുവിന്റെ ഉടുമുണ്ട് അഴിച്ച് ദേഹമടക്കം കൂട്ടിക്കെട്ടിയത്. പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ആറും ഏഴും പ്രതികൾ:

ആറും ഏഴും പ്രതികളായ അബൂബക്കറും സിദ്ദീഖും ചേർന്ന് കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവരുന്ന വഴി മധുവിന്റെ പുറത്ത് ഇടിക്കുകയും കൈയിൽ പിടിച്ച് നടത്തിക്കുകയും ചെയ്തു.

എട്ടാംപ്രതി ഉബൈദ്:

കാട്ടിൽ കയറി മധുവിനെ പിടികൂടി കൊണ്ടുവരുന്നതിന്റെയും മുക്കാലിയിൽ സംഭവിച്ചതുമായ ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത് എട്ടാം പ്രതി ഉബൈദാണ്.

ഒമ്പതാംപ്രതി നജീബ്:

മധുവിനെ കാട്ടിൽ കയറി പിടിക്കാൻ ഒമ്പതാം പ്രതി നജീബിന്റെ ജീപ്പിലാണ് പ്രതികൾ പോയത്. നജീബ് മധുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പത്താംപ്രതി ജൈജുമോൻ:

മധുവിനെ കാട്ടിൽ കയറിയ പിടിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങൾ അടങ്ങുന്ന ചാക്കുകെട്ട് മധുവിന്റെ തോളിൽ വച്ചു കൊടുക്കുകയും നടത്തിക്കൊണ്ടുവരുന്ന വഴി ദേഹോപദ്രവമേൽപ്പിക്കുകയുമാണ് പത്താം പ്രതി ജൈജുമോൻ ചെയ്തത്.

പന്ത്രണ്ടും പതിമ്മൂന്നും പ്രതികൾ:

പന്ത്രണ്ടും പതിമൂന്നും പ്രതികളായ സജീവ്, സതീഷ് എന്നിവർ മറ്റ് പ്രതികൾക്കൊപ്പം കാട്ടിൽ കയറി മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടാൻ സഹായിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

പതിന്നാലാം പ്രതി ഹരീഷ്:

മധുവിനെ പിടിച്ചു കൊണ്ടുവരുന്ന സംഘത്തിനൊപ്പം ചേർന്ന് മധുവിനെ കൈകൊണ്ട് പുറത്ത് ഇടിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പതിനഞ്ചാം പ്രതി ബിജു:

സംഘത്തിനൊപ്പം ചേർന്ന് മധുവിന്റെ കൈകൾ കെട്ടിയ സിബിൽ പിടിച്ച് നടത്തിച്ചത് പതിനഞ്ചാം പ്രതി ബിജുവാണ്. മുക്കാലിയിലെത്തിച്ചപ്പോൾ മധുവിന്റെ കൈയിൽ പിടിച്ച് മുതുകിൽ ഇടിച്ചു.

പതിനാറാം പ്രതി മുനീർ:

മുക്കാലിയിൽ എത്തിച്ച മധുവിനെ ബലംപ്രയോഗിച്ച് കാൽമുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു പതിനാറാം പ്രതി മുനീർ ചെയ്തത്.

നാലും പതിനൊന്നും പ്രതികൾ:

മധുവിനെ 'കള്ളാ' എന്ന് വിളിച്ച് അവഹേളിച്ച പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും മധുവിനെ ഉപദ്രവിക്കുന്ന ദൃശ്യം പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച നാലാംപ്രതി അനീഷിനെയും കോടതി വെറുതെ വിട്ടു.