കണ്ണൂർ ട്രെയിനിൽ തീവച്ചു കൊല 9വർഷം മുൻപും

Wednesday 05 April 2023 2:22 AM IST

തിരുവനന്തപുരം: ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിന്റെ കോച്ചിനകത്ത് തീകത്തിക്കൽ ഇതാദ്യമല്ല. 2014 ഒക്ടോബർ 20ന് ഇതേ ട്രെയിനിന്റെ അഞ്ചാമത്തെ കോച്ചിലായിരുന്നു പുലർച്ചെ 4.30ന് സഹയാത്രികൻ യുവതിയെ തീവച്ച് കൊലപ്പെടുത്തിയത്. മലപ്പുറം കൊണ്ടോട്ടി കിഴിശേരി സ്വദേശി ഫാത്തിമയാണ് (40) മരിച്ചത്. മണ്ണെണ്ണ ഒഴിച്ചായിരുന്നു അന്ന് തീവച്ചത്. സംഭവത്തിനു ശേഷം ഓടിരക്ഷപെട്ട പ്രതിയെ രേഖാചിത്രം തയ്യാറാക്കി ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. കമ്പം സ്വദേശി കണ്ണനായിരുന്നു പ്രതി.

ആലപ്പുഴയിലേക്ക് പുറപ്പെടാനായി കണ്ണൂരിൽ നിറുത്തിയിട്ടിരിക്കുമ്പോഴായിരുന്നു അന്നത്തെ തീവയ്പ്. പ്ലാറ്റ്ഫോമിൽ വച്ച് കണ്ണനും ഫാത്തിമയും തമ്മിൽ തർക്കമുണ്ടായിരുന്നു. തീവച്ചപ്പോൾ ബോഗിയിൽ ആരുമുണ്ടായിരുന്നില്ല. വസ്ത്രത്തിൽ തീ പടർന്നതോടെ ഫാത്തിമ ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഗാർഡ് റൂമിൽ നിന്ന് അഗ്നിശമന ഉപകരണമെത്തിച്ചാണ് തീ കെടുത്തിയത്. കഞ്ചാവ് കേസിൽ റിമാൻഡിലായിരുന്ന ഫാത്തിമ സംഭവത്തിന് ഒരാഴ്ച മുൻപാണ് സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട്ടു നിന്നുള്ള മൂന്നംഗസംഘം തന്നെ യാത്രയിൽ പിന്തുടർന്നതായി ഫാത്തിമയുടെ മരണമൊഴിയിലുണ്ടായിരുന്നു. ഫാത്തിമ ഇരുന്ന സീറ്റ് കത്തിപ്പോയിരുന്നു.

പ്രതി കണ്ണനെ പിറ്റേന്ന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ മൊബൈലിൽ നിന്ന് ഫാത്തിമയുടെ ചിത്രം കണ്ടെത്തിയിരുന്നു.