അട്ടപ്പാടി മധുവധക്കേസ് : തെളിവുകൾ നശിപ്പിക്കാൻ സർക്കാൻ ഒത്താശ ചെയ്‌തെന്ന് കെ. സുരേന്ദ്രൻ

Wednesday 05 April 2023 2:24 AM IST

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ കൊലപാതകികൾക്ക് അർഹമായ ശിക്ഷ വാങ്ങികൊടുക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് ഒത്താശ ചെയ്‌തത് സർക്കാരാണ്. സി.പി.എം - മുസ്ലിം ലീഗ് പ്രവർത്തകരാണ് മധുവിനെ കൊലപ്പെടുത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാനത്ത് ഭീകരവാദ സംഘടനകളുടെ സാന്നിധ്യം ശക്തമായി വരികയാണോയെന്ന സംശയമാണ് എലത്തൂർ തീവണ്ടി കത്തിക്കൽ ശ്രമക്കേസിൽ ഉയരുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. മറ്റൊരു ​​ഗോധ്ര ആവർത്തിക്കാനുളള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണം

സംസ്ഥാനം കടക്കെണിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടുമ്പോൾ

ലോക കേരള സഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോവുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

അമേരിക്കയിലും സൗദി അറേബ്യയിലുമാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്. ലോക കേരള സഭ ഏട്ടിലെ പശുവാണെന്നും കേരളത്തിലേക്ക് നിക്ഷേപമോ, പുതിയ സംരംഭമോ, വ്യവസായമോ ഇതുകാരണം വന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാർ ഖജനാവിൽ നിന്നു കോടിക്കണക്കിന് രൂപയാണ് ലോക കേരള സഭയ്‌ക്കായി ധൂർത്തടിച്ചതെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു.