സൂപ്പർ കപ്പിൽ ബ്ളാസ്റ്റേഴ്സിന് പുതിയ ആശാൻ; നുവോകോവിച്ചിന് പകരക്കാരനാവുക  ഫ്രാങ്ക് ഡോവെൻ

Wednesday 05 April 2023 9:46 PM IST

കൊച്ചി: സൂപ്പർ കപ്പിൽ കേരളാ ബ്ളാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവെന്റെ കീഴിൽ പന്ത് തട്ടും. പ്രധാന പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പത്ത് കളികളിൽ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രാങ്ക് ഡോവെൻ പകരം സ്ഥാനമേറ്റെടുക്കുന്നത്. ബെൽജിയം ദേശീയ ടീമിനും പ്രധാന ക്ളബ്ബുകൾക്കും വേണ്ടി കളിച്ചിട്ടുള്ള ഫ്രാങ്കിന് കീഴിൽ മികച്ച പ്രകടനം തന്നെ ടീം കാഴ്ച വെയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ടീമിലെ ലൂണ അടക്കമുള്ള പ്രധാന താരങ്ങളുടെ അഭാവത്തിനിടയിലും പരിചിതനായ ഫ്രാങ്ക് തന്നെ ടീമിന്റെ പ്രധാന പരിശീലക കുപ്പായം അണിയുന്നത് ആശ്വാസകരമായ വാർത്തയായാണ് കണക്കാക്കുന്നത്. ബെൽജിയം ക്ളബ്ബായ വെസ്റ്റർലോയുടെയും സഹ പരിശീലകനായും മുഖ്യ പരിശീലകനായും ഫ്രാങ്ക് ഡോവെൻ സാരഥ്യം വഹിച്ചിട്ടുണ്ട്. ബെൽജിയം ക്ളബ്ബായ ബീർസ്‌കോട്ടിന്റെ സഹ പരിശീലക സ്ഥാനം വഹിക്കുമ്പോഴാണ് ബ്ളാസ്റ്റേഴ്സിലേക്കെത്തുന്നത്.

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ വാക്കൗട്ട് നടത്തിയതിനാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പത്തു മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് നാല് കോടി രൂപയും പിഴ ശിക്ഷ വിധിച്ചു.

കളിക്കാരെ തിരിച്ചുവിളിച്ച സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും കോച്ച് വുകോമനോവിച്ചും പരസ്യമായി ഖേദപ്രകടനം നടത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് രണ്ട് കോടി കൂടിയും വുകോമനോവിച്ച് 5അഞ്ച് ലക്ഷം കൂടിയും പിഴയടയ്ക്കേണ്ടി വരുമെന്നും എ.ഐ.എഫ്.എഫ് അറിയിച്ചിരുന്നു . ഇതനുസരിച്ച് കേരള ബ്ളാസ്റ്റേഴ്സ് എഫ്.സിയും കോച്ച് ഇവാൻ വുകോമനോവിച്ചും കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചു. പിഴ ശിക്ഷയ്ക്ക് എതിരെ അപ്പീൽ പോകാനാണ് ക്ളബ്ബിന്റെ തീരുമാനം.

Advertisement
Advertisement