കല്ലുവിള പാലം നിർമ്മാണം അടുത്ത ആഴ്ച തുടങ്ങും
കൊല്ലം: മൺറോത്തുരുത്തിലെ തകർന്ന കല്ലുവിള പാലത്തിന്റെ നിർമ്മാണം അടുത്ത ആഴ്ച തുടങ്ങുമെന്ന് കരാറുകാരൻ ഷാജി അറിയിച്ചു. വേലിയേറ്റം മൂലം നീരൊഴുക്ക് ശക്തമായിരുന്നതിനാലാണ് പാലത്തിന്റെ നിർമ്മാണം വൈകിയത്. വേലിയേറ്റം കുറയുകയും നീരൊഴുക്ക് പരിമിതപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജോലികൾ ആരംഭിക്കാനുളള ശ്രമത്തിലാണ്. നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചു തുടങ്ങി. തെങ്ങും കുറ്റികൊണ്ടുള്ള പൈലിംഗിന് മാത്രം 15 ലക്ഷം രൂപ ചിലവ് വരും. അതിനായി പേഴുംതുരുത്ത്, പെരുമൺ ഭാഗങ്ങളിൽ നിന്ന് തെങ്ങും കുറ്റികൾ ശേഖരിച്ചു കഴിഞ്ഞു.
തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ 54 ലക്ഷം രൂപക്ക് കരാർ നൽകിയെങ്കിലും ആറ് മാസമായി ജോലികൾ ആരംഭിക്കാതിരുന്നതിനാൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. കേരളകൗമുദി ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. പനമ്പിൽ തോടിന് കുറുകെ പട്ടം തുരുത്ത് ഈസ്റ്റ്, നെന്മേനി തെക്ക്, വടക്ക്, കൺട്രാംകാണി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2022 ജനുവരിയിലാണ് തകർന്നത്. പാലത്തിൽക്കൂടി ബൈക്ക് യാത്രികൾ സഞ്ചരിക്കവെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.