ചേർത്തല മെഗാഫുഡ് പാർക്കിൽ പ്രതീക്ഷിക്കുന്ന നിക്ഷേപം 1,000 കോടി

Friday 07 April 2023 12:09 AM IST

തിരുവനന്തപുരം: ചേർത്തലയിൽ ആരംഭിക്കുന്ന മെഗാഫുഡ് പാർക്ക് പൂർണ്ണമായി പ്രവർത്തന ക്ഷമമാവുന്നതോടെ 1,000 കോടിയുടെ നിക്ഷേപവും 3,000 തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഏപ്രിൽ 11ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി പശുപതികുമാർ പരശും സംയുക്തമായി പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. ഫുഡ് പ്രോസസിംഗ് മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് സംരംഭം കളമൊരുക്കും.
84 ഏക്കറിൽ 128.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചേർത്തല മെഗാഫുഡ് പാർക്കിൽ നിരവധി കമ്പനികളുടെ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മപരിപാടിയിലുൾപ്പെടുത്തിയാണ് പാർക്ക് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ 68 ഏക്കറിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുള്ളത്. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡീബോണിംഗ് സെന്റർ, പാർക്കിംഗ്, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂർത്തിയായി.

ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾക്കായി വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങളിൽ 31 എണ്ണം ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു. രണ്ടാംഘട്ടത്തിലുള്ള 16 ഏക്കറിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കടൽ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെ.എസ്‌.ഐ.ഡി.സി നിർമ്മിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഫുഡ് പ്രോസസിംഗ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.