സ്പെഷ്യൽ ട്രെയിനുകൾ ഇല്ല , സ്വകാര്യ ബസിൽ ബ്ളേഡ് നിരക്ക്, ഈസ്റ്ററിനും വിഷുവിനും യാത്രാദുരിതം
റെയിൽവേ മുടക്കിയത് ബംഗളൂരു, ഹൈദരാബാദ്, മുംബയ് സർവീസുകൾ
തിരുവനന്തപുരം: ഈസ്റ്ററും വിഷുവും റംസാനും അവധിക്കാലവും പ്രമാണിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ പേരിന് മാത്രമായതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു. അമിത നിരക്ക് ഈടാക്കുന്ന തത്കാൽ ടിക്കറ്റിൽ റെയിൽവേയും ഇതുതന്നെ ചെയ്യുന്നു.
വിഷുവിന് ചെന്നൈയിൽ നിന്ന് മാത്രമാണ് ഇത്തവണ കേരളത്തിലേക്ക് പേരിനെങ്കിലും സ്പെഷ്യൽ ട്രെയിൻ. ബംഗളുരു, ഹൈദരാബാദ്, മുംബയ്, എന്നിവിടങ്ങളിൽ നിന്ന് സർവീസില്ല.
ഇതോടെ സ്വകാര്യ ബസുകാരും വിമാനക്കമ്പനികളും നിരക്ക് കുത്തനെ ഉയർത്തി. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലാണ് വൻകൊള്ള. സ്വകാര്യബസുകൾ ഈസ്റ്ററിന് 60% മുതൽ 90% വരെയാണ് നിരക്ക് വർദ്ധിപ്പിച്ചത്. ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ എ.സി സ്ലീപ്പറിന് 3000 മുതൽ 5000 രൂപ വരെ ഈടാക്കി.
വിഷു അടുക്കുന്നതോടെ ഇനിയും കൂടാം.
കെ.എസ്.ആർ.ടി.സി മാത്രമാണ് പതിവ് നിരക്കിൽ സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ഏപ്രിൽ 15 വരെ നിലവിലെ സർവീസുകൾക്ക് പുറമേ, 30 സർവീസ് ബംഗളൂരുവിലേക്കും അഞ്ച് സർവീസ് ചെന്നൈയിലേക്കും അധികം നടത്തുന്നുണ്ട്.
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കായി പ്രതിവാരം ഉൾപ്പെടെ 15 ട്രെയിൻ സർവീസുണ്ട്. മിക്കതിലും ബുക്കിംഗ് കഴിഞ്ഞു. തിരക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലെ ലാഭത്തിലാണ് റെയിൽവേയുടെ കണ്ണ്.
ചെന്നൈയിൽ നിന്ന് മാത്രം
സ്പെഷ്യൽ ട്രെയിൻ
1. ഏപ്രിൽ 9,16...........എറണാകുളം
2. ഏപ്രിൽ 12............. തിരുവനന്തപുരം
3.ഏപ്രിൽ 13............... കണ്ണൂർ