പാഠഭാഗങ്ങളിൽ അസത്യം അടിച്ചേൽപ്പിക്കരുത്
പത്തനംതിട്ട : എൻ.സി.ഇ.ആർ.ടി, ഐ.സി.എസ്.ഇ സിലബസുകളിൽ സത്യവിരുദ്ധമായ പാഠഭാഗങ്ങൾ ഉൾക്കൊള്ളിക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്‌കാര വേദി സംഘടിപ്പിച്ച വിദ്യാഭ്യാസ വെബിനാർ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ ഘാതകരെ വിശുദ്ധികരിക്കുവാനും മുഗൾ ഭരണകാലത്തെ അപാകതകൾ മാത്രം ഉയർത്തി കാണിക്കുവാനും ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങളിൽ നിന്നും ഡോ.ബി.ആർ.അംബേക്ദറുടെ പേര് ഒഴിവാക്കുവാനും ശ്രമിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണെന്നും പ്രമേയത്തിൽ പറയുന്നു. വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷതവഹിച്ചു. ഡോ.പോൾ മണലിൽ ഉദ്ഘാടനം ചെയ്തു. പാലാ സെന്റ് തോമസ് കോളേജ് പൊളിറ്റിക്‌സ് വിഭാഗം മുൻ മേധാവി ഡോ.സാബു ഡി മാത്യു, മുൻ ഡി.ഡി ഡോ.എ.കെ.അപ്പുക്കുട്ടൻ, കോട്ടയം ബസേലിയോസ് കോളജ് മലയാളം വിഭാഗം മുൻ മേധാവി ഡോ.വി.എ.ഫിലിപ്പ്, എം.ഇ.എസ് കോളജ് മുൻ മലയാളം മേധാവി ഡോ.രഘുദേവ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.