സ്വർണക്കടത്ത്: സൂത്രധാരൻ കെ.ടി. റമീസ് റിമാൻഡിൽ

Saturday 08 April 2023 12:00 AM IST

കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ചെയ്ത അഞ്ചാം പ്രതി കെ.ടി. റമീസിനെ വിശദമായി ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ റമീസിനെ ചോദ്യം ചെയ്യാൻ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചവരും സ്വർണം വാങ്ങിയവരുമായി റമീസ് ബന്ധം പുലർത്തിയിരുന്നതായാണ് ഇ.ഡി നൽകുന്ന സൂചന. സ്വർണക്കടത്തിലെ ഹവാല ഇടപാടുകൾ, കള്ളപ്പണ വിനിയോഗം, സ്വർണം കൈപ്പറ്റിയവരുടെ വിവരങ്ങൾ തുടങ്ങിയവ റമീസിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡി. ദുബായ് കേന്ദ്രമായി സ്വർണക്കടത്ത് നിയന്ത്രിച്ചിരുന്നത് റമീസാണ്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്താനുള്ള ആശയവും ആസൂത്രണവും റമീസിന്റേതാണെന്ന് കേന്ദ്ര ഏജൻസികൾ പറയുന്നു.

സ്വർണക്കടത്ത് കേസിൽ 2020ൽ റമീസിനെ കസ്റ്റംസും എൻ.ഐ.എയും അറസ്റ്റു ചെയ്തിരുന്നു. സ്വർണക്കടത്ത് പുറത്തായതിന് പിന്നാലെ ഒളിവിൽപ്പോയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ അറസ്റ്റു ചെയ്തശേഷമാണ് മലപ്പുറത്തെ വീട്ടിൽ നിന്ന് റമീസിനെ പിടി കൂടിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു റമീസ്. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ മറവിൽ നയതന്ത്ര ചാനൽ വഴി കടത്തിക്കൊണ്ടുവന്ന 15 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്.