അനിലിന്റെ ബി.ജെ.പി പ്രവേശനം: പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ്
തിരുവനന്തപുരം: അനിൽ കെ. ആന്റണിയുടെ കൂടുമാറ്റം രാഷ്ട്രീയമായി കൊണ്ടാടാൻ ബി.ജെ.പിയും, കടന്നാക്രമിക്കാൻ ഇടതുപക്ഷവും ശ്രമിക്കവേ, അനിലിനെ പാടെ അവഗണിക്കാനാണ് കോൺഗ്രസ് ശ്രമം. എ.കെ. ആന്റണി പരസ്യമായി തള്ളിയതിന് പിന്നാലെ, 'കോൺഗ്രസിൽ ആരുമല്ലാത്ത അനിലി"ന്റെ ബി.ജെ.പി പ്രവേശനത്തെ നിസ്സാരവത്കരിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു ഇനിയങ്ങോട്ട് കൂടുതൽ പ്രതികരിക്കേണ്ടെന്നാണ് തീരുമാനം.
അതേ സമയം, കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അനിലിനെ വേദിയിലണിനിരത്താനാണ് ബി.ജെ.പി തീരുമാനം. ദേശീയ കോൺഗ്രസിലെ തലയെടുപ്പുള്ള നേതാവായ എ.കെ. ആന്റണിയുടെ മകന്റെ വരവ് തിരഞ്ഞെടുപ്പുകളിലേക്ക് കടക്കാനിരിക്കെ കേന്ദ്രത്തിലും കേരളത്തിലും വലിയ ഗുണമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്. അതിനൊപ്പം, ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പിയെന്ന മട്ടിൽ സി.പി.എം നേതാക്കൾ കടന്നാക്രമിക്കുന്നതും സംസ്ഥാന കോൺഗ്രസിനെ അലോസരപ്പെടുത്തുന്നു.
വൈകാതെ തിരുവനന്തപുരത്തെത്തി പിതാവിനെ കണ്ട് അനുഗ്രഹം തേടുമെന്ന് സൂചിപ്പിക്കുന്ന സന്ദേശം അനിൽ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം കൊച്ചിയിലേക്ക് വരുമ്പോഴാണോ, അതോ അതിന് മുമ്പുണ്ടാകുമോയെന്ന് വ്യക്തമല്ല. ആന്റണിയെ കാണാൻ അനിലെത്തുന്നതും എതിരാളികൾക്ക് പ്രചാരണ വിഷയമാകാം. അനിൽ ആന്റണിക്ക് കേരളീയ സമൂഹത്തിൽ സ്വാധീനമൊന്നുമുണ്ടാക്കാനാവില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കേരളത്തിലെ ക്രൈസ്തവ മേഖലയിലേക്ക് കടന്നുകയറാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ബി.ജെ.പി അനിലിനെ അതിന് ഉപയോഗിക്കുന്നത് അവർ ഗൗരവത്തോടെ കാണുന്നു.
കേരള കോൺഗ്രസ്-എം യു.ഡി.എഫ് വിട്ടുപോയത് കത്തോലിക്കാ പ്രാമുഖ്യമുള്ള മദ്ധ്യ തിരുവിതാംകൂറിൽ യു.ഡി.എഫിന് ഇടിച്ചിലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഇത് പ്രതിഫലിച്ചു. ഇടതുപക്ഷത്തിന് കേരള കോൺഗ്രസ്-എമ്മിന്റെ വരവ് ഗുണവുമായി. എന്നാൽ, പെസഹ വ്യാഴത്തിൽ സ്വന്തം പിതാവിന് പ്രാണവേദന സമ്മാനിച്ച് അനിൽ പോയത് ക്രൈസ്തവ മേഖലയിൽ എതിർ വികാരം ഉയർത്തിയിട്ടുണ്ടെന്ന ചിന്ത കോൺഗ്രസ് ക്യാമ്പിലുണ്ട്. ആന്റണിയുടെ വേദന നിറഞ്ഞ പ്രതികരണം ഈ വികാരത്തിന് ആക്കം കൂട്ടുമെന്നും.