വിഷു സദ്യയിൽ കൈപൊള്ളും  വിലക്കയറ്റത്തിൽ പച്ചക്കറി വിപണി

Sunday 09 April 2023 12:02 AM IST

കൊച്ചി: ഇത്തവണ വിഷുസദ്യ കെങ്കേമമാക്കാൻ മാർക്കറ്റുകൾ ഒരുങ്ങി. വില അൽപ്പം വർദ്ധിച്ചിട്ടുണ്ട്. അടുത്താഴ്ച വിപണി സജീവമാകും. നിലവിലുള്ളതിലും 10-20 രൂപ വരെ ഓരോ പച്ചക്കറിക്കും വില കൂടാൻ സാദ്ധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

തമിഴ്നാട്ടിലും കേരളത്തിലും ചൂട് കൂടിയതിനാൽ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞു. കിഴങ്ങുവർഗങ്ങൾക്ക് വിലയിൽ വലിയ മാറ്റം വന്നിട്ടില്ല. ചില്ലറ കച്ചവടക്കാർ അടുത്തയാഴ്ച മുതൽ പച്ചക്കറികൾ എടുത്തു തുടങ്ങും. മഞ്ചേരി, ശ്രീമൂലനഗരം എന്നിവിടങ്ങളിൽ നിന്നുള്ള നാടൻ കണിവെള്ളരികൾക്കാണ് പ്രിയം.

തമിഴ്നാട്, മൈസൂരു വെള്ളരികൾക്ക് പച്ചനിറമുള്ളതിനാൽ കണിവയ്ക്കാൻ ആരും വാങ്ങാറില്ല. വിഷുദിനത്തിന് തലേദിവസം മുതൽ അവിയൽ, സാമ്പാർക്കിറ്റുകളുമായി വഴിയോരക്കച്ചവടക്കാരും എത്തും. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് പച്ചക്കറികൾ എത്തുന്നത്.

30 രൂപ കിലോ വിലിയുണ്ടായിരുന്ന അച്ചിങ്ങയ്ക്ക് വില വർദ്ധിച്ച് 60 രൂപ വരെയെത്തി. തക്കാളി

മുതൽ എല്ലായിനങ്ങൾക്കും വില വർദ്ധനവുണ്ട്.

വിലവിവരം

ഇനം, മൊത്തവില്പന വില, ചില്ലറവില്പന വില

പയർ- 50,60

വെണ്ടയ്ക്ക - 50, 60

ബീൻസ്- 100, 110

കണിവെള്ളരി- 25, 30

കാരറ്റ്-55, 60

ബീറ്റ്‌റൂട്ട്- 40, 50

കിഴങ്ങ്- 25, 35

തക്കാളി- 30, 40

മത്തൻ-40, 50

പാവയ്ക്ക- 80, 90

പടവലം- 45, 50

മുരങ്ങയ്ക്ക- 30, 40

സവാള- 18, 25

ഉള്ളി- 50, 60

പച്ചമാങ്ങ- 30, 40

മാമ്പഴം- 90, 100

കൈതച്ചക്ക- 65, 70

കറിനാരങ്ങ- 90,100

ചക്ക- 50, 60

സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാവില്ല. വിലകൂടിയിട്ടുള്ള പച്ചക്കറികൾ മുമ്പ് ഒരു കിലോ വാങ്ങിയിരുന്നവർ അരക്കിലോയായി കുറയ്ക്കും. ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തുന്നുണ്ട്. ചില്ലറക്കച്ചവടക്കാർ വിഷുവിന് രണ്ട് ദിവസം മുമ്പ് സ്റ്റോക്ക് എടുത്ത് തുടങ്ങും.

കെ.കെ. അഷ്റഫ്

പച്ചക്കറി വ്യാപാരി