ഒറ്റപ്പാലത്ത് ഇനി ഉയരും പുതിയ കോടതി സമുച്ചയം
ഒറ്റപ്പാലം: പുതിയ കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നു. കണ്ണിയംപുറത്ത് ജലവിഭവ വകുപ്പിന്റെ സ്ഥലം പദ്ധതിക്കു വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് നിലനിന്നിരുന്ന തർക്കത്തിനു പരിഹാരമായി. കണ്ണിയംപുറത്തു പ്രധാന പാതയോരത്ത്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഒറ്റപ്പാലം ഡിവിഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ 60 സെന്റിൽ 15 സെന്റ് വിട്ടുകൊടുക്കാൻ ജില്ലാ ജഡ്ജിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധരായി. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ജഡ്ജിയുടെ ചേംബറിൽ ഒറ്റപ്പാലം എം.എൽ.എയും ജില്ലാ കളക്ടറും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണു തീരുമാനമെടുത്തത്. ഇതുപ്രകാരം ജില്ലാ കളക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒറ്റപ്പാലം ബാർ അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവർ ഈ മാസം 12നു സ്ഥലം സന്ദർശിക്കും. പഴയ കോടതി സമുച്ചയം സ്മാരകമാക്കും.
60 സെന്റിൽ 15 സെന്റ് കാഞ്ഞിരപ്പുഴ പദ്ധതിയുടെ സബ് ഡിവിഷൻ ഓഫിസിലേക്കുള്ള വഴിയായി നിലനിറുത്തണമെന്നതായിരുന്നു ആവശ്യം. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഓഫീസിലേക്കു സൗകര്യപ്രദമായ ബദൽ വഴിയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാമെന്നു കെ.പ്രേംകുമാർ എം.എൽ.എ ഉറപ്പു നൽകി. സംസ്ഥാന ആഭ്യന്തര വകുപ്പ് 23.35 കോടിരൂപ ചെലവിൽ നിർമിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയാണു കോർട്ട് കോംപ്ലക്സ്.
ഒറ്റപ്പാലത്തു നിലവിലുള്ള കോടതി സമുച്ചയം പൊളിച്ചു നീക്കി തൽസ്ഥാനത്തു പുതിയ സമുച്ചയം നിർമിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കവും ചരിത്രപ്രാധാന്യവുമുള്ള കെട്ടിടം പൈതൃക സ്മാരകമായി നിലനിർത്തണമെന്ന ആവശ്യവും തൊട്ടടുത്തുള്ള സബ് ജയിലിനു സമീപം ബഹുനില കെട്ടിടം നിർമിക്കുന്നതു ജയിലിന്റെ സുരക്ഷാ വ്യവസ്ഥകൾക്കു വിരുദ്ധമാകുമെന്ന ആക്ഷേപവും മുൻനിർത്തി മറ്റൊരു സ്ഥലം കണ്ടെത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഇതു പ്രകാരം പദ്ധതിക്കു ജലവിഭവ വകുപ്പിന്റെ സ്ഥലം വിട്ടുകൊടുക്കാൻ സർക്കാർ ശുപാർശ ചെയ്യുകയായിരുന്നു.