ബയോ മാലിന്യ സംസ്കരണം തൃപ്പൂണിത്തുറ മോഡൽ
കൊച്ചി: ഡയപ്പർ ഉൾപ്പെടെ മെഡിക്കൽ ബയോ മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ആശങ്ക പരിഹരിക്കാൻ സംസ്ഥാനത്തിന് മാതൃകയായി തൃപ്പൂണിത്തുറ നഗരസഭ. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയതോടെ ബയോ മെഡിക്കൽ മാലിന്യങ്ങളുടെ സംസ്‌കരണത്തിന് തൃപ്പൂണിത്തുറ മോഡൽ പിന്തുടരാൻ തയ്യാറെടുക്കയാണ് കൊച്ചി നഗരസഭയും.
സർക്കാർ ഏജൻസിയായ ശുചിത്വ മിഷന്റെ അംഗീകാരമുള്ള അരവിന്ദ് അസോസിയേറ്റ്‌സിന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 25,000 കിലോ ബയോ മെഡിക്കൽ മാലിന്യമാണ് തൃപ്പൂണിത്തുറ നഗരസഭ നിർമ്മാർജ്ജനം ചെയ്തത്.
തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരസഭകളുമായും അരവിന്ദ് അസോസിയേറ്റ്‌സ് കരാർ ഒപ്പിട്ടു. കൊച്ചി കോർപ്പറേഷനിലെ ബയോ മെഡിക്കൽ മാലിന്യവും ഇനി മുതൽ ഇതേ ഏജൻസി കൈകാര്യം ചെയ്യും. അങ്കമാലി മുതൽ ചേർത്തല വരെയുള്ള ഭാഗത്തു നിന്ന് ബയോ മെഡിക്കൽ മാലിന്യങ്ങൾ നിലവിൽ ശേഖരിക്കുന്നുണ്ട്. പട്ടണങ്ങളിൽ കിലോയ്ക്ക് 45 രൂപയും ഉൾപ്രദേശങ്ങളിൽ 50 രൂപയുമാണ് ഈടാക്കുന്നത്.
* സ്വീകരിക്കുന്ന വസ്തുക്കൾ
ഡയപ്പറുകൾക്കും സാനിറ്ററി നാപ്കിനും പുറമെ ഉപയോഗിച്ച ഇൻസുലിൻ സിറിഞ്ചുകൾ, ഉപയോഗശൂന്യമായ മരുന്നുകൾ, മരുന്ന് കുപ്പികൾ, ട്യൂബ്‌സ്, സ്ട്രിപ്‌സ്, ഡയാലിസിസ് ബാഗുകൾ തുടങ്ങിയവ. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ വീടിനും മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള സഞ്ചികൾ നൽകും. സാനിറ്ററി നാപ്കിനുകളും ഡയപ്പറും മഞ്ഞ സഞ്ചിയിലും മറ്റു സാധനങ്ങൾ ചുവപ്പ് സഞ്ചിയിലുമാണ് നിക്ഷേപിക്കേണ്ടത്. ആഴ്ചയിൽ നാലു ദിവസമാണ് മാലിന്യശേഖരണം. പണം ഇടപാടുകൾ ഓൺലൈൻ വഴിയാണ്.
സംസ്‌കരണവും ജില്ലയിൽ
വീടുകളിലെ മെഡിക്കൽ മാലിന്യങ്ങൾ സർക്കാർ ഏജൻസിയായ കേരള എൻവിറോ ഇൻഫ്രാ ലിമിറ്റഡിന് (കെ.ഇ.ഐ.എൽ ) കൈമാറും. അമ്പലമുകളിൽ കെ.ഇ.ഐ.എല്ലിന്റെ കേന്ദ്രത്തിലാണ് സംസ്‌കരിക്കുന്നത്. നിശ്ചിതതുക അവർക്ക് ഫീസായി നൽകണം.
സേവനം വിളിപ്പുറത്ത്
ടോൾഫ്രീ നമ്പർ വഴി ഏതു സമയത്തും ബന്ധപ്പെടാം. എത്തുന്ന ദിവസം വാട്ട്‌സ്ആപ്പ് വഴി അറിയിക്കും. കിടപ്പുരോഗികളുടെ മരണം സംഭവിച്ചാൽ വാട്ടർ ബെഡ് ഉൾപ്പെടെ എല്ലാ സാധനങ്ങളും വീട്ടിൽ നിന്ന് ശേഖരിക്കും. ഇരുചക്ര വാഹനം, ഓട്ടോറിക്ഷ, ട്രക്കുകൾ എന്നിങ്ങനെ മൂന്നുതരം വാഹനങ്ങളിലാണ് മാലിന്യശേഖരണം.
ദീപക് വർമ്മ
എം.ഡി
അരവിന്ദ് അസോസിയേറ്റ്‌സ്